‘മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം’: സന്ദീപാനന്ദ ഗിരി

0
70

തന്റെ ആശ്രമത്തിന് തീയിട്ട ആർ.എസ്.എസ് പ്രതികളെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി. ഫേസ് ബുക്കിലൂടെയാണ് പരിഹാസം. ‘മേരേ പ്യാരേ ദേശ് വാസിയോം, പ്രതിയെ കിട്ടി, പത്തരമാറ്റ് ചാണകം’ എന്നാണ് സ്വാമിയുടെ പരിഹാസം. ആശ്രമം കത്തിച്ചതിനു പിന്നിലെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും സന്ദീപാനന്ദ ഗിരി മാധ്യമങ്ങ​ളോട് പ്രതികരിച്ചു.

സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലാണ് നാലര വര്‍ഷത്തിന് ശേഷം ഉണ്ടായത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ.

പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് ആശ്രമം കത്തിക്കൽ കേസിലെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.

നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.