പുഞ്ചി കമ്മിഷൻ റിപ്പോർട്ടിന്റെ ശുപാർശകൾ കൂടി പരിഗണിച്ചാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നതെന്ന് സർക്കാർ. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്നയിരുന്നു ശുപാർശ. ഗവർണർ ചാൻസലർ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ചാൻസലർ പദവിയിൽ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ളതാണ് ഓർഡിനൻസ്. 14 സർവകലാശാലകളിൽ ഗവർണർ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാൻസലർ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓർഡിനൻസിലെ വകുപ്പ് പകരം ചേർത്തുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് ശുപാർശ ചെയ്തത്.
നിലവിൽ കേരളത്തിലെ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ മേഖലക്ക് സർക്കാർ നൽകുന്ന സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരാനാണ് സർക്കാർ തീരുമാനിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീർഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കാൻ സർവകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈദഗദ്ധ്യമുള്ള വ്യക്തികൾ വരുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.