Saturday
20 December 2025
21.8 C
Kerala
HomeKeralaപേവിഷബാധ: വിദഗ്ധ സമിതി മന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി

പേവിഷബാധ: വിദഗ്ധ സമിതി മന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി

കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് സമിതി അന്തിമ റിപ്പോർട്ട് നൽകിയത്. 2022 ജനുവരി മുതൽ സെപ്തംബർ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തുകയുണ്ടായി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മൃഗങ്ങളുടെ കടിയേൽക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങൾ, പ്രതിരോധ കുത്തിവയ്പിന്റെ വിശദാംശങ്ങൾ, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്സിൻ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, ചികിത്സാ രേഖകൾ, സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണപ്പെട്ട വ്യക്തികളുടെ ഭവന സന്ദർശനം നടത്തുകയും ബന്ധുക്കളുടെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

മരണമടഞ്ഞ 21 വ്യക്തികളിൽ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണ്. 6 വ്യക്തികൾക്ക് വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ പ്രതിരോധ കുത്തിവയ്പുകൾ നൽകിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കൺപോളകൾ, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളിൽ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാൽ കടിയേറ്റപ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിൽ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്സിൻ എടുത്ത വ്യക്തികളിൽ പ്രതിരോധ ശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതിൽ ഉണ്ടെന്ന് ബംഗലൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു ചെയർമാനായ കമ്മിറ്റിയിൽ ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റീവ് സെന്റർ ഫോർ റഫറൻസ് ആന്റ് റിസർച്ച് ഫോർ റാബീസ്, നിംഹാൻസ്, ബാംഗളൂർ അഡീഷണൽ പ്രൊഫസർ ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ, ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർ ഡോ. എസ്. ഹരികുമാർ, ഡ്രഗ്സ് കൺട്രോളർ പിഎം ജയൻ എന്നിവരാണ് സമിതിയംഗങ്ങൾ.

RELATED ARTICLES

Most Popular

Recent Comments