അരിവണ്ടി ഹിറ്റ്: കൊല്ലത്ത് വിറ്റത് 10.21 ലക്ഷം രൂപയുടെ അരി

0
68

രണ്ടു ദിവസത്തിനിടെ അന്നവണ്ടി ജില്ലയിൽ വിറ്റത്‌ 10,21,613 രൂപയുടെ അരി. പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ജില്ലയിൽ പര്യടനം നടത്തിയ ‘അരിവണ്ടി’യിൽ നിന്ന്‌ ഏറ്റവും കടുതൽ വിറ്റഴിഞ്ഞത്‌ ജയ അരിയാണ്‌. -38,652 കിലോ. ഇതുവഴി ലഭിച്ചത്‌ 9.66 ലക്ഷം രൂപയാണ്‌. 1265 കിലോ മട്ട അരി വിറ്റതിലൂടെ 30364 രൂപയും 150 കിലോ പച്ചരി വിറ്റതിലൂടെ 3450 രൂപയുമാണ്‌ ലഭിച്ചത്‌.

ആന്ധ്ര ജയ അരിയുടെ വിലവർധനയുടെ സാഹചര്യത്തിൽ സർക്കാർ നടത്തിയ ഇടപെടലിൽ ഏറ്റവും കൂടുതൽ അരി വിറ്റത്‌ പുനലൂർ താലൂക്കിലാണ്‌. 3,47,193 രൂപയുടെ അരിയാണ്‌ ഇവിടെ വിറ്റഴിഞ്ഞത്‌. തൊട്ടുപിന്നിൽ കരുനാഗപ്പള്ളി താലൂക്കാണ്‌. 2,88,790 രൂപ. കൊല്ലം താലൂക്കിൽ 2,51,195 രൂപയുടെയും കൊട്ടാരക്കരയിൽ 1,34,435 രൂപയുടെയും വിൽപ്പന നടന്നു.

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ താലൂക്കിലായി 42 കേന്ദ്രത്തിൽ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു വിൽപ്പന. ജയ അരി കിലോയ്‌ക്ക്‌ 25 രൂപ, മട്ട- 24രൂപ, പച്ചരി 23രൂപ നിരക്കിൽ റേഷൻകാർഡ് ഒന്നിന് ഏതെങ്കിലും ഒരിനം 10 കിലോയാണ്‌ ലഭ്യമാക്കിയത്‌. സപ്ലൈകോയുടെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ്‌ എന്നിവയില്ലാത്ത താലൂക്ക്‌, പഞ്ചായത്ത്‌ കേന്ദ്രങ്ങൾക്ക്‌ പ്രാധാന്യം നൽകിയാണ്‌ അരിവണ്ടി എത്തിയത്‌.