വോട്ടെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; 25 പേർ ബിജെപിയിലേക്ക്

0
125

വോട്ടെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. മുൻ ജനറൽ സെക്രട്ടറി അടക്കം 25 പേർ ബിജെപിയിൽ ചേർന്നു. അതേസമയം രണ്ടു ദിവസത്തെ പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ഹിമാചലിൽ എത്തും.

ഭരണം തിരിച്ചു പിടിക്കാൻ പ്രിയങ്ക ഗാന്ധി തന്നെ കളത്തിൽ ഇറങ്ങി രംഗത്തുള്ളപ്പോഴും, കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി പാളയത്തിൽ എത്തിയത്. മുഖ്യമന്ത്രി ജയറാം ഠാക്കൂർ, സംസ്ഥാന ചുമതലയുള്ള സുധൻ സിങ് എന്നിവർ നേതാക്കളെ സ്വീകരിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്കു മുമ്പാണ് നേതാക്കളുടെ കൂടുമാറ്റം. സ്വന്തം തട്ടകത്തിലെ മികച്ച വിജയമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ലക്ഷ്യം വെക്കുന്നത്. എന്നാൽ വിമതഭീഷണി സൃഷ്ടിക്കുന്ന തലവേദന മറികടക്കുക എളുപ്പമല്ല. കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂറും പ്രചാരണം ശക്തമാക്കി മണ്ഡലങ്ങളിൽ ഉണ്ട്. പ്രചാരണം അവസാനമികെ പ്രധാനമന്ത്രി നരേന്ദ്രമോദിയും നാളെ സംസ്ഥാനത്ത് എത്തും.