ട്വിറ്റര്‍ മാത്രമല്ല, ജീവനക്കാരെ പിരിച്ചുവിടാന്‍ ഉറച്ച് ഏഴു ടെക് കമ്പനികള്‍

0
82

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടിരിക്കുകയാണ് ടെക് കമ്പനികള്‍ എന്നാണ് അടുത്തകാലത്തായി വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പുതിയ ജീവനക്കാരെ എടുക്കുന്നത് ടെക് രംഗത്ത് വമ്പന്‍ കമ്പനികള്‍ ഏതാണ്ട് നിര്‍ത്തിയ അവസ്ഥയിലാണ്. ഇതിനൊപ്പം തങ്ങളുടെ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതും പ്രധാന കമ്പനികള്‍ ആലോചിക്കുന്നുണ്ട്. ഇലോണ്‍ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്റര്‍ ഏതാണ്ട് അത് നടപ്പിലാക്കി കഴിഞ്ഞു.

അതേ സമയം ഫേസ്ബുക്കും ഇത്തരം ഒരു നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ ഒരു പ്രതികരണവും ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ നടത്തിയില്ല.

പ്രധാനമായും ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ മെറ്റയെ പ്രേരിപ്പിച്ചത് നാല് ഘടകങ്ങളാണ് എന്നാണ് ടെക് ലോകത്തിലെ വിലയിരുത്തല്‍. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ് മെറ്റ തന്നെ പറയുന്നത്. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്‍റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തി. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അതേ സമയം സോഷ്യല്‍ മീഡിയ രംഗത്തെ ഈ വമ്പന്മാര്‍ക്ക് മാത്രമല്ല, മറ്റു ചില ടെക് ഭീമന്മാരും ഇതേ പ്രതിസന്ധിയിലാണ് എന്നാണ് വിവരം. അതില്‍ പ്രധാന സ്ഥാനക്കാര്‍ ഇന്‍റെല്‍ ആണെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. മാര്‍ക്കറ്റിംഗ്, വില്‍പ്പന രംഗത്തെ ജോലിക്കാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്താനും ചിലവ് കുറയ്ക്കാനുമാണ് ഇന്‍റെല്‍ ഉദ്ദേശിക്കുന്നത്. പേഴ്സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന കുത്തനെ കുറഞ്ഞതാണ് ഇന്‍റെലിനെ ബാധിച്ചത്.

ജീവനക്കാരെ പിരിച്ചുവിടും എന്ന സൂചന നല്‍കുന്ന മറ്റൊരു കമ്പനി മൈക്രോസോഫ്റ്റാണ്. പിസി വില്‍പ്പന രംഗത്തെ ഇടിവാണ് മൈക്രോസോഫ്റ്റിനും പ്രശ്നമായത്. ജൂണ്‍ മാസത്തിലും, കഴിഞ്ഞ മാസവും ജീവനക്കാരെ കുറയ്ക്കുന്ന നടപടി മൈക്രോസോഫ്റ്റ് എടുത്തിരുന്നു. ഈ രീതിയില്‍ സോഫ്റ്റ്വെയര്‍ രംഗത്താണ് മൈക്രോസോഫ്റ്റ് അടുത്തായി പിരിച്ചുവിടല്‍ നടത്തുക എന്നാണ് വിവരം.

സ്ട്രീമിംഗ് രംഗത്തെ വമ്പന്മാരായ നെറ്റ്ഫ്ലിക്സിന്‍റെ ഉപയോക്താക്കളുടെ എണ്ണം ഒരോ പാദത്തിലും താഴോട്ടാണ്. അതിന് പുറമേ ഗെയിംമിംഗ് അടക്കം പുതിയ ബിസിനസ് മേഖലകള്‍ തേടുകയാണ് കമ്പനി. അതിനാല്‍ തന്നെ അടുത്ത് തന്നെ 500 ജീവനക്കാരെയെങ്കിലും പിരിച്ചുവിടാനാണ് നെറ്റ്ഫ്ലിക്സ് നീക്കം എന്നാണ് വിവരം.

ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ലിഫ്റ്റ് തങ്ങളുടെ 13 ശതമാനം ജീവനക്കാരെ അതായത് 700 ഓളം പേരോടാണ് ജോലി വിടാന്‍ ആവശ്യപ്പെട്ടത്. കൊവിഡ് കാലത്ത് നേരിട്ട് തുടങ്ങിയ പ്രതിസന്ധി ലിഫ്റ്റിനെ വിട്ടൊഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇംഗ്ലീഷ് പേമെന്‍റ് സര്‍വീസായ സ്ട്രിപേ, സ്നാപ് ചാറ്റിന്‍റെ മാതൃ കമ്പനിയായ സ്നാപ്, അമേരിക്കന്‍ ഡാറ്റ സ്റ്റോറേജ് കമ്പനിയായ സീ ഗേറ്റ് എന്നിവരെല്ലാം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് എന്നാണ് വിവരം.