ജമ്മു കശ്മീരിലെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ഏഴിടങ്ങളില്‍ സിബിഐയുടെ പരിശോധന. ജമ്മു, പഞ്ചാബിലെ പത്താന്‍കോട്ട്, രേവാരി, കര്‍ണാല്‍ (രണ്ടും ഹരിയാനയില്‍) എന്നിവയുള്‍പ്പെടെ ഏഴ് സ്ഥലങ്ങളിലായിരുന്നു പരിശോധന. മുന്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സുരേന്ദര്‍ സിംഗ്, യതിന്‍ യാദവ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. നവംബര്‍ 6 ന് അറസ്റ്റിലായ സുരേന്ദര്‍ സിംഗ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലും സെപ്റ്റംബര്‍ 19 ന് അറസ്റ്റിലായ യതിന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണ്.
കേസ് ഇങ്ങനെ:
എഴുത്തുപരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഓഗസ്റ്റ് 8 ന് അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തു. സിബിഐ കേസ് അന്വേഷിക്കുകയും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍, മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, സ്വകാര്യ കോച്ചിംഗ് സെന്റര്‍ ഉടമ, ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം തുടങ്ങി 33 പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. J&K സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (JKSSB) 2022 മാര്‍ച്ച് 27-ന് നടത്തിയ J&K പോലീസിലെ സബ്-ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2022 ജൂണ്‍ 4-ന് ഫലം പ്രഖ്യാപിച്ചു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), മുന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ), രണ്ട് മുന്‍ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരും അറസ്റ്റിലായ പ്രതികളില്‍ ഉള്‍പ്പെടുന്നു.
അന്വേഷണത്തില്‍ ഹരിയാനയിലെ രേവാരി സ്വദേശിയായ യതിന്‍ യാദവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തി. ഒരു അച്ചടിശാലയിലെ ജീവനക്കാരനാണ് ഇയാളെ സഹായിച്ചത്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ യതിന്‍ ബന്ധപ്പെട്ടിരുന്നു. ഹരിയാനയിലെ കര്‍ണാലിലെ ഹോട്ടലില്‍വെച്ച് ചോദ്യപേപ്പര്‍ നല്‍കിയെന്നാണ് സൂചന. ചോര്‍ന്ന ചോദ്യപേപ്പര്‍ ഗാംഗ്യാലിലെയും ജമ്മുവിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്‍കിയെന്നാണ് ആരോപണം.