സ്വവര്‍ഗ്ഗ ലൈംഗികത മാനസിക വൈകല്യം; വിവാദ പ്രസ്താവനയുമായിലോകകപ്പ് അംബാസഡര്‍

0
77

രണ്ടാഴ്ചയ്ക്കുള്ളില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ഖത്തര്‍ ലോകകപ്പ് അംബാസഡര്‍. സ്വവര്‍ഗ്ഗ ലൈംഗികത മാനസിക വൈകല്യമാണെന്നാണ് ഖത്തര്‍ ലോകകപ്പ് അംബാസഡര്‍ ജര്‍മ്മന്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍ ZDF നോട് പറഞ്ഞത്. ദോഹയില്‍ ചിത്രീകരിച്ച ഒരു അഭിമുഖത്തിലാണ് ഖാലിദ് സല്‍മാന്‍ യാഥാസ്ഥിതിക മുസ്ലിം രാജ്യത്ത് നിയമവിരുദ്ധമായ സ്വവര്‍ഗ്ഗ ലൈംഗികതയുടെ പ്രശ്നത്തെ അഭിസംബോധന ചെയ്തത്.

ലോകകപ്പ് കാണാനായി യാത്ര ചെയ്യുന്ന ആരാധകരുടെ, പ്രത്യേകിച്ച് വ്യക്തികളുടെയും സ്ത്രീകളുടെയും അവകാശങ്ങളെക്കുറിച്ച് ചില ഫുട്‌ബോള്‍ കളിക്കാര്‍ നേരത്തെ തന്നെ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഖത്തര്‍ നിയമങ്ങള്‍ വിവേചനം കാണിക്കുന്നുവെന്നും ഇക്കൂട്ടര്‍ അവകാശപ്പെട്ടിരുന്നു.ലോകകപ്പിന് പത്തുലക്ഷത്തിലധികം സന്ദര്‍ശകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

‘അവര്‍ ഇവിടെ ഞങ്ങളുടെ നിയമങ്ങള്‍ അംഗീകരിക്കണം,’ സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘(സ്വവര്‍ഗരതി) ഹറാം ആണ്. ഹറാം (നിഷിദ്ധം) എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?’ അദ്ദേഹം ചോദിച്ചു.എന്തുകൊണ്ടാണ് ഇത് ഹറാമായതെന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ഒരു കര്‍ക്കശ മുസ്ലീം അല്ല, പക്ഷേ എന്തുകൊണ്ടാണ് ഇത് ഹറാം? കാരണം ഇത് മനസിന്റെ കുഴപ്പമാണ്’ എന്നാണ് സല്‍മാന്‍ മറുപടി പറഞ്ഞത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അഭിമുഖം ഉടന്‍ നിര്‍ത്തിവച്ചു. ഖത്തറിന്റെ ലോകകപ്പ് സംഘാടകരെ റോയിട്ടേഴ്സ് ബന്ധപ്പെട്ടപ്പോള്‍ അവര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.അഭിപ്രായത്തോട് ലോക ഫുട്‌ബോള്‍ ഭരണ സമിതിയായ ഫിഫ പ്രതികരിച്ചിട്ടില്ല. അതേസമയെ ലോകകപ്പ് വേളയില്‍ ഖത്തറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.