Wednesday
31 December 2025
26.8 C
Kerala
HomeIndiaഅജ്ഞാതരുടെ വെടിയേറ്റ് ബീഹാറില്‍ BJP നേതാവ് കൊല്ലപ്പെട്ടു

അജ്ഞാതരുടെ വെടിയേറ്റ് ബീഹാറില്‍ BJP നേതാവ് കൊല്ലപ്പെട്ടു

ബീഹാറില്‍ BJP നേതാവ് കൊല്ലപ്പെട്ടു. ബിജെപി നേതാവും മുൻ ജില്ലാ പരിഷത്ത് അംഗവുമായ സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ കതിഹാർ ജില്ലയിൽ വീടിന് സമീപമാണ് സംഭവം. സഞ്ജീവ് മിശ്ര വീടിന് സമീപം ചിലരുമായി സംസാരിച്ചുകൊണ്ടിരിക്കെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

‘വെടിയേറ്റയുടനെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു’, ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

BJP നേതാവിന്‍റെ മരണത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് പ്രകോപനാവസ്ഥയാണ്. കൊലപാതകത്തെത്തുടര്‍ന്ന് മിശ്രയുടെ അനുയായികൾ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ സ്റ്റേഷന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങള്‍ക്ക് കേടുവരുത്തി.

അതേസമയം, സംഭവം നടന്ന സ്ഥലത്തേക്ക് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ അയച്ചതായും അവരിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് ശേഷം വിശദാംശങ്ങൾ അറിയിയ്ക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.

സംസ്ഥാനത്ത് മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ വന്നതുമുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ ആരംഭിച്ചതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. “നിതീഷ് കുമാർ തന്‍റെ മുഖ്യമന്ത്രി സ്ഥാനം തന്‍റെ ഡെപ്യൂട്ടി തേജസ്വി യാദവിന് സമർപ്പിച്ചതായി തോന്നുന്നു. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ കുമാർ തന്‍റെ ഉത്തരവാദിത്തം പോലും കൃത്യമായി നിർവഹിക്കുന്നില്ല”, സംസ്ഥാന ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.

കതിഹാർ ജില്ലാ ബിജെപിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു സഞ്ജീവ് മിശ്ര. ദീർഘകാലം ബിജെപിയിൽ പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. മുന്‍പ് പാർട്ടിയുടെ ബൽറാംപൂർ മണ്ഡലത്തിന്‍റെ അദ്ധ്യക്ഷസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments