പതിനൊന്ന് തവണ കോൺഗ്രസ് എംഎൽഎ ആയ മോഹൻ സിംഗ് രത്വ പാർട്ടിയിൽ നിന്നും രാജിവെച്ചു. കോൺഗ്രസിൽ നിന്നും രാജിവെച്ച മോഹൻ സിംഗ് രത്വ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് മോഹൻ സിംഗിന്റെ രാജി.
പാർട്ടിയുടെ സംസ്ഥാന നേതൃത്വവുമായി കുറച്ചുകാലമായി അതൃപ്തിയിലായിരുന്നു രാത്വെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. യുവാക്കൾക്ക് അവസരം നൽകാൻ ആഗ്രഹിക്കുന്നതിനാൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഈ വർഷം മേയിൽ രത്വ പ്രഖ്യാപിച്ചിരുന്നു. ഛോട്ടാ ഉദയ്പൂരിൽ നിന്നുള്ള എംഎൽഎയാണ് രത്വ.
’11 തവണ തിരഞ്ഞെടുപ്പിൽ നിന്നും വിജയിച്ചു. യുവാക്കൾക്ക് ഈ സീറ്റിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല’ രത്വ പറഞ്ഞു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അർജുൻ രത്വയ്ക്കെതിരെ 1000-ലധികം വോട്ടുകൾക്കാണ് ഗോത്രവർന നേതാവായ രത്വ വിജയിച്ചത്.