ട്വിറ്റർ ഏറ്റവും കൃത്യമായ വിവരങ്ങളുടെ ഉറവിടമാകണം; എലോൺ മസ്‌ക്

0
67

ലോകത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ വിവരങ്ങളുടെ ഉറവിടമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മാറേണ്ടതുണ്ടെന്ന് ട്വിറ്റർ സിഇഒ എലോൺ മസ്‌ക് പറഞ്ഞു. ട്വീറ്റുകളുടെ ഒരു നീണ്ട നിരയുമായാണ് മസ്‌ക് ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്വിറ്ററിന്റെ ഭാവിയും, നയരൂപീകരണവും അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും ഉൾക്കൊള്ളിച്ചവയാണ് ഈ ട്വീറ്റുകൾ.

“ലോകത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ വിവരങ്ങളുടെ ഉറവിടമായി ട്വിറ്റർ മാറേണ്ടതുണ്ട്. അതാണ് ഞങ്ങളുടെ ദൗത്യം” മസ്‌ക് കമ്പനിയെ കുറിച്ചുള്ള കാഴ്‌ചപ്പാട്‌ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

ഒരു പുതിയ മുന്നറിയിപ്പിൽ, ആൾമാറാട്ടത്തിൽ ഏർപ്പെടുന്ന ഏതൊരു ട്വിറ്റർ ഹാൻഡിലിനെയും പെർമനന്റായി സസ്പെൻഡ് ചെയ്യുമെന്ന് SpaceX സ്ഥാപകൻ പറഞ്ഞു. “മുന്നോട്ട് പോകുമ്പോൾ, പകർപ്പ് എന്ന് വ്യക്തമാക്കാതെ ആൾമാറാട്ടത്തിൽ ഏർപ്പെടുന്ന ഏതൊരു ട്വിറ്റർ ഹാൻഡിലുകളും ശാശ്വതമായി സസ്പെൻഡ് ചെയ്യപ്പെടും” മസ്‌ക് വ്യക്തമാക്കി.

സ്വതന്ത്രമായ അഭിപ്രായത്തോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹം ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി. “അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള എന്റെ കടമ വർദ്ധിപ്പിക്കുകയാണ്, എന്നെ വ്യക്തിപരമായി പിന്തുടരുന്ന അക്കൗണ്ടുകൾ പോലും ബാൻ ചെയ്യപ്പെടാതെ നോക്കാനാണ് ശ്രമിക്കുന്നത്” മസ്‌ക് പറയുന്നു.

വ്യാപകമായ പരിശോധന പത്രപ്രവർത്തനത്തെ ജനാധിപത്യവൽക്കരിക്കുകയും ജനങ്ങളുടെ ശബ്ദത്തെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

“ട്വിറ്ററിന്റെ പുതിയ മുന്നറിയിപ്പില്ലാ നയത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “മുമ്പ്, സസ്‌പെൻഷനു മുമ്പ് ഞങ്ങൾ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ വ്യാപകമായ പരിശോധന നടത്തുന്നു, ഒരു മുന്നറിയിപ്പും ഉണ്ടാകില്ല” മസ്‌ക് അറിയിച്ചു.

ഏതെങ്കിലും രീതിയിൽ അക്കൗണ്ടിലുള്ള പേരുമാറ്റം ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ളവ താൽക്കാലികമായി നഷ്‌ടപ്പെടുത്തുമെന്നും മസ്‌ക് പറഞ്ഞു.

അതേസമയം, ട്വിറ്ററിലെ മസ്‌കിന്റെ വരവോടെയുള്ള നവീകരണത്തിന്റെ ആദ്യ പടിയെന്നോണം ബ്ലൂ ടിക്ക് ലഭ്യമാവാൻ ഐഒഎസ് ഉപയോക്താക്കൾക്ക് 8 ഡോളർ ഫീസ് ഏർപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്.