Thursday
1 January 2026
25.8 C
Kerala
HomeWorldഅഫ്ഗാനിസ്ഥാനില്‍ കറുപ്പ് ഉല്പാദനത്തില്‍ 32 ശതമാനത്തിന്‍റെ വര്‍ദ്ധന

അഫ്ഗാനിസ്ഥാനില്‍ കറുപ്പ് ഉല്പാദനത്തില്‍ 32 ശതമാനത്തിന്‍റെ വര്‍ദ്ധന

അഫ്ഗാനിസ്ഥാന്‍റെ അധികാരം താലിബാന്‍ രണ്ടാമതും കൈയടക്കിയതിന് പിന്നാലെ രാജ്യത്തെ കറുപ്പ് ഉല്പാദനത്തില്‍ 32 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് ഉണ്ടായതെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. യുഎന്നിന്‍റെ കീഴിലുള്ള ഡ്രഗ് ആന്‍റ് ക്രൈം (UNODC) വകുപ്പാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. രണ്ടാമതും അഫ്ഗാനിസ്ഥാന്‍റെ അധികാരം ഏറ്റെടുത്തപ്പോള്‍ തങ്ങള്‍ മുന്‍ താലിബാന്‍ നേതൃത്വത്തില്‍ നിന്നും വ്യത്യസ്തമാണെന്നും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ജോലി ചെയ്യാനും അനുമതി നല്‍കുമെന്നും ശരീയത്തിന് വിരുദ്ധമായ ലഹരിയുടെ ഉല്പാദനവും ഉപയോഗവും രാജ്യത്ത് നിരോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അധികാരമേറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ താലിബാന്‍, തങ്ങളുടെ വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കാണെന്ന് തെളിയിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ബന്ധുവായ പുരുഷന്‍റെ സഹായം വേണം. സ്ത്രീകള്‍ ഹിജാബ്, ബുര്‍ഖ എന്നിവ ധരിക്കണം തുടങ്ങിയ നിരവധി പഴയ നിയമങ്ങള്‍ അവര്‍ നടപ്പാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വ്വകലാശാലകളില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുന്നത് വരെയെത്തി നില്‍ക്കുകയാണ് താലിബാന്‍റെ പ്രഖ്യാപിത ‘സ്ത്രീ സ്വാതന്ത്യം’.

ഇതിനിടെയാണ് ഇസ്ലാമിലെ ശരീയത്ത് നിയമത്തിന് വിരുദ്ധമായതിനാല്‍ ലഹരിയുടെ ഉല്പാദനവും ഉപയോഗവും നിയന്ത്രിക്കുമെന്ന താലിബാന്‍ പ്രഖ്യാപനവും വെറും പൊള്ളയായ വാഗ്ദാനമായിരുന്നെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് കറുപ്പിന്‍റെ ഉല്പാദനത്തില്‍ 32 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് നിലവില്‍ ഏതാണ്ട് 2,33,000 ഹെക്ടര്‍ സ്ഥലത്ത് കറുപ്പ് ഉല്പാദനം നടക്കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ രാജ്യത്തെ 56,000 ഹെക്ടറില്‍ ഉല്പാദിപ്പിച്ചിരുന്ന കറുപ്പ് കൃഷിയാണ് ഇപ്പോള്‍ 2,33,000 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. 1994 ല്‍ താലിബാന്‍റെ ആദ്യ ഭരണകാലത്താണ് അഫ്ഗാനിസ്ഥാനില്‍ ആദ്യമായി ഒരു വ്യവസ്ഥാപിതമായ രീതിയില്‍ കറുപ്പ് കൃഷി ആരംഭിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കറുപ്പ് നിരോധിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചപ്പോള്‍ വില കുത്തനെ ഉയര്‍ന്നിരുന്നു. അതോടൊപ്പം ഇതിന്‍റെ വ്യാപാരവും രഹസ്യമായി തുടര്‍ന്നു. എന്നാല്‍ ഇതിനിടെ അഫ്ഗാനിലെമ്പാടും ഹെറോയിനും എംഡിഎംഎ പോലുള്ള പുത്തന്‍ ലഹരികളുടെ ഉല്പാദനവും ആരംഭിച്ചതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം കറുപ്പ് വില്പനയിലൂടെ കര്‍ഷകര്‍ക്ക് ഏതാണ്ട് നാലിരട്ടി പണം ലഭിക്കുന്നു. 2021 ല്‍ 3000 കോടിയുടെ കച്ചവടമാണ് നടന്നിരുന്നതെങ്കില്‍ ഇന്നത് 11,000 കോടിയിലേക്ക് വളര്‍ന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017 മുതല്‍ അഫ്ഗാനിസ്ഥാനിലെ കര്‍ഷകര്‍ക്ക് ലാഭകരമായ കൃഷിയായി കറുപ്പ് കൃഷി മാറിയിരുന്നു. 2021 ല്‍ അഫ്ഗാനിലെ കാര്‍ഷിക വിളകളില്‍ നിന്നുള്ള വരുമാനത്തിന്‍റെ 29 ശതമാനവും ലഭിച്ചിരുന്നത് കറുപ്പ് കൃഷിയില്‍ നിന്നാണ്. നിലവില്‍ ലോകത്ത് ഉല്പാദിപ്പിക്കുന്ന കറുപ്പിന്‍റെ 80 ശതമാനവും ഉല്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കറുപ്പിന്‍റെ 73 ശതമാനവും ഉല്പാദിപ്പിക്കുന്നത് തെക്ക് കിഴക്കന്‍ പ്രദേശത്താണെന്നും റിപ്പോര്‍ട്ട് പറയുന്നു.

RELATED ARTICLES

Most Popular

Recent Comments