കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദിന് 14 ദിവസത്തേക്ക് റിമാൻഡ്

0
103

തലശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് രാജസ്ഥാൻ സ്വദേശിയായ കുട്ടി തലശേരിയിൽ അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. . ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നിൽക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഉപജീവനത്തിന് മാർഗം തേടിയെത്തിയതാണ് ആ കുടുംബം.

ക്രൂരമായി മർദ്ദനമേറ്റ ആറ് വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ് റേ പരിശോധനയിൽ വ്യക്തമായത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴേക്കും ആക്രമിച്ചയാൾ കടന്നു കളഞ്ഞിരുന്നെന്ന് രക്ഷിതാക്കളും പറഞ്ഞു. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്കാനിംഗ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്ന് കണ്ടെത്തി. ഇളകാതിരിക്കാൻ കയ്യിൽ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദേശം.