കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും കേന്ദ്ര സർക്കാരിന്റെ അംഗീകാരം. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം കേരളത്തെ തെരഞ്ഞെടുത്തു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്‌കൂൾ വിദ്യാഭ്യാസ നിലവാരം സമഗ്രമായി വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേരളത്തിന് അഭിമാനകരമായ നേട്ടം. എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച അംഗീകാരമാണിത്.
വിജ്ഞാനസമ്പാദനം(180ൽ 154) , വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം(80ൽ 79), അടിസ്ഥാനസൗകര്യങ്ങൾ(150ൽ 135), പങ്കാളിത്തം(230ൽ 218), ഭരണപ്രക്രിയ(360ൽ 342) എന്നിങ്ങനെ അഞ്ച് മാനദണ്ഡത്തിലായി ആയിരം പോയിന്റിൽ കേരളം 928 പോയിന്റ് നേടി. പഞ്ചാബ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളും 928 പോയിന്റ് നേടിയെങ്കിലും സമഗ്രമായ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിലുള്ള നേട്ടമാണ് കേരളത്തെ മുന്നിലെത്തിച്ചത്. 901നും 950നും ഇടയിൽ പോയിന്റ് നേടുന്നവർക്കുള്ള ലെവൽ രണ്ട് വിഭാഗത്തിൽ ഏറ്റവും മുന്നിലാണ് കേരളം.
2020–-21ലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. 2017–-18ലെ ലെവൽ നാലിൽനിന്നാണ്( 826 പോയിന്റ്) കേരളം അഭിമാനകരമായ കുതിച്ചുചാട്ടം നടത്തിയത്. 2018–-19ൽ 862 പോയിന്റ്, 2019–-20ൽ 901 പോയിന്റ് എന്നിങ്ങനെയാണ് കേരളം വളർന്നത്. അഞ്ച് മാനദണ്ഡത്തിലും കേരളം 2017–-18നെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചു. 2019–-20ൽ കേരളത്തോടൊപ്പം മുന്നിൽനിന്ന തമിഴ്‌നാട് 2020–-21ൽ പിന്നോട്ടുപോയി. ഏറ്റവും പിന്നിലുള്ള അരുണാചൽപ്രദേശിന് ഇക്കുറി 669 പോയിന്റാണ് ലഭിച്ചത്. മധ്യപ്രദേശ്(771), ഉത്തർപ്രദേശ്(851), ഹരിയാന(865), കർണാടക(862) എന്നിങ്ങനെയാണ് ബിജെപി ഭരണത്തിലുള്ള പ്രധാനസംസ്ഥാനങ്ങളുടെ പ്രകടനം.
അഞ്ച് മാനദണ്ഡത്തിലായി 70 സൂചകങ്ങളെ അടിസ്ഥാനമാക്കി പെർഫോമൻസ് ഗ്രേഡ് ഇൻഡക്‌സ്(പിജിഐ) എന്ന വിദ്യാഭ്യാസ ഗുണനിലവാര പരിശോധന റിപ്പോർട്ട് 2017–-18 മുതലാണ് പ്രസിദ്ധീകരിച്ചുതുടങ്ങിയത്.