ഇടപ്പള്ളിക്കും അരൂരിനും ഇടയിൽ ആകാശപാത നിർമ്മിക്കുന്നത് പരിഗണനയിൽ

0
109

ദേശീയപാതയിൽ ഇടപ്പള്ളിക്കും അരൂരിനും ഇടയിൽ ആകാശപാത നിർമ്മിക്കുന്നത് ദേശീയപാത അതോറിറ്റിയുടെ പരിഗണനയിൽ. നഗരത്തിൽ മൂന്ന് ഫ്ലൈ ഓവറുകൾ പണിതിട്ടും ആലപ്പുഴ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യത്തിൽ ജനപ്രതിനിധികളുമായുള്ള പ്രാഥമിക ചർച്ച എൻഎച്ച്എഐ പൂർത്തിയാക്കി.

ഇടപ്പള്ളി മുതൽ അരൂർ വരെ 18 കിലോമീറ്റർ. 35 മിനിറ്റിൽ താഴെ താണ്ടിയെത്താവുന്ന ദൂരം. എന്നാൽ വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചതോടെ ഇത് മൂന്ന് മണിക്കൂർ വരെ നീളുന്ന സ്ഥിതി. ഇടപ്പള്ളി കൂടാതെ പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും മേൽപ്പാലം പണിതിട്ടും രക്ഷയില്ല. ഈ സാഹചര്യത്തിലാണ് ദേശീയപാത 66ന്‍റെ വികസനത്തിന്‍റെ ഭാഗമായി ഈ പാതയിൽ 18 കിലോമീറ്റർ ആകാശപാത പണിയാനുള്ള ആലോചനകൾ സജീവമാകുന്നത്. കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ സംസ്ഥാന സർക്കാരിന് ബാധ്യതകളില്ല. ദേശീയപാത അതോറിറ്റി മുൻകൈയെടുത്താൽ പാത സജ്ജമാകും.

ആകാശപാത യാഥാർത്ഥ്യമായാൽ ഇടപ്പള്ളി കടന്ന് തെക്കൻ ജില്ലകളിലേക്ക് പോകുന്നവർക്ക് ബ്ലോക്കിൽ കുടുങ്ങാതെ ഈ ദൂരം താണ്ടാം. മെട്രോ റെയിലും, നാല് മേൽപ്പാലങ്ങളുമുള്ള ഈ പാതയിൽ ആകാശപാതയ്ക്ക് കൃത്യമായ രൂപരേഖയാണ് വേണ്ടത്.