ബ്രസീലില്‍ ഇടതുനേതാവ് ലുല ഡി സെല്‍വയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലുലയെ താഴെയിറക്കാന്‍ സായുധസേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് റാലികളുമായി ഒരു വിഭാഗം. ബ്രസീല്‍ പ്രസിഡന്റായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരാണ് റാലികള്‍ സംഘടിപ്പിച്ചത്. ജനുവരി 1 ന് ലുല പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സാവോ പോളോയിലും റിയോ ഡി ജനീറോയിലും ബോള്‍സൊനാരോ അനുകൂലികള്‍ റാലികള്‍ നടത്തി. തെരഞ്ഞെടുപ്പ് വഞ്ചനാപരമായിരുന്നുവെന്നാണ് ആരോപണം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 51 ശതമാനം ലുല നേടിയെന്നായിരുന്നു ഔദ്യോഗിക റിപ്പോര്‍ട്ട്.
1990 ന് ശേഷം ഇതാദ്യമായണ് ഒരു സിറ്റിംഗ് പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തില്‍ നിന്ന് പുറത്താകുന്നത്. 2003 മുതല്‍ 2010 വരെ ലുല ബ്രസീലിന്റെ ഭരണാധികാരിയായിരുന്നു. അന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചും നടപ്പാക്കിയും ദശലക്ഷക്കണക്കിന് പേരെയാണ് പട്ടിണിയില്‍ നിന്ന് ലുല കരകയറ്റിയത്. താന്‍ അധികാരത്തിലേക്ക് തിരച്ച് വരുന്നതോടെ അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ലുല പ്രഖ്യാപിച്ചു. ഒപ്പം ആമസോണ്‍ വനനശീകരണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലാവസ്ഥാ വിഷയങ്ങളില്‍ ലോകത്തെ നയിക്കാന്‍ തക്ക ശക്തിയായി ബ്രസീലിനെ വളര്‍ത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.