ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി വീണ്ടും ശക്തമായ തിരിച്ചുവരവിലേക്കെന്ന് റിപ്പോര്‍ട്ട്

0
85

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ശക്തമായ തിരിച്ചുവരവിലേക്കെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പിലെ 87.6 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ നെതന്യാഹുവിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആകെയുള്ള 120 സീറ്റുകളില്‍ 65 സീറ്റുകള്‍ നെതന്യാഹുവിന്റെ സഖ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി യെയര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്ക് 50 സീറ്റുകള്‍ ലഭിക്കുമെന്നും ബാക്കിയുള്ള അഞ്ച് പാര്‍ലമെന്റ് സീറ്റുകള്‍ അറബ് ഹദാഷ്താല്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നുമാണ് ജറുസലേമിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ 40,81,243 വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. അതില്‍ 24,201 വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞാല്‍ സ്ഥിതിയില്‍ നേരിയ വ്യത്യാസമുണ്ടെങ്കിലും നെത്യാനഹു വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിലീജിയന്‍സ് സയണിസം പാര്‍ട്ടിയുടെ പിന്തുണയോടെയാകും നെതന്യാഹു വീണ്ടും അധികാരത്തിലേറുക. ഇടതുപക്ഷമായ മെറെറ്റ്‌സ് പാര്‍ട്ടിയാണ് നെതന്യാഹുവിന് തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷിച്ച വിധത്തില്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാതെ വരികയായിരുന്നു.