ബിഹാറില്‍ പാക് വനിത അറസ്റ്റിലായി. നേപ്പാള്‍ അതിര്‍ത്തിയായ ഗല്‍ഗലിയയില്‍ നിന്നാണ് അറസ്റ്റിലായത്. ചാരപ്രവര്‍ത്തനത്തിനായി രാജ്യത്ത് എത്തിയതെന്നാണ് സംശയം. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാക് സ്വദേശിയായ വനിത യുഎസ് പൗരത്വം നേടിയതായും പൊലീസ് പറഞ്ഞു. ഫരീദ മാലിക് എന്ന പേരാണ് യുവതിക്ക് യുഎസില്‍ പാസ്‌പോര്‍ട്ടിലുള്ളത്. യുഎസില്‍ നിന്ന് ഇന്ത്യ വഴി നേപ്പാളിലേക്ക് നിരവധി തവണ അതിര്‍ത്തി കടന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. ഈ യാത്രകളിലൊന്നനിടെ ഉത്തരാഖണ്ഡില്‍ നിന്ന് പിടിക്കപ്പെടുകയും 11 മാസം തടവിലാക്കി യുഎസിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
പാക് യുവതി അറസ്റ്റിലായ റിപ്പോര്‍ട്ട് കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോറിനേഴ്സ് ബ്രാഞ്ചിനും കൈമാറി.യുവതിയുടെ കൈവശമുള്ള രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പാസ്പോര്‍ട്ട് നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്തേക്കും.