സംഘപരിവാർ അജൻഡയ്‌ക്കെതിരെ ജനകീയ പ്രതിരോധത്തിനൊരുങ്ങി കേരളം

0
110

ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാൻ ഗവർണറെ ഉപകരണമാക്കി നടത്തുന്ന സംഘപരിവാർ അജൻഡ ജനകീയമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാരിന്റെ കേരളത്തിനെതിരായ നീക്കം ചെറുക്കാനും ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ സംഘടിപ്പിച്ച കൺവൻഷൻ തീരുമാനിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ, കലാ രംഗങ്ങളിലെ പ്രമുഖരും വിദ്യാഭ്യാസ വിചക്ഷണരും വിദ്യാർഥികളും അധ്യാപകരും സർവകലാശാല ജീവനക്കാരും മുൻ ജീവനക്കാരുമടക്കം ജനകീയ പ്രതിരോധത്തിന്റെ തുടക്കം വീറുറ്റതാക്കാൻ പുരോഗമന കേരളത്തിന്റെ നേർപരിച്ഛേദമെത്തി. സർവകലാശാലകളെ സംഘപരിവാറിന്റെ കൂത്തരങ്ങാക്കാൻ അനുവദിക്കില്ലെന്ന്‌ എ കെ ജി ഹാളിനുള്ളിലും പുറത്തും തടിച്ചുകൂടിയ ജനാവലിയെ സാക്ഷിനിർത്തി, മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. നിറഞ്ഞ കൈയടിയോടെ സദസ്സ്‌ അത്‌ വരവേറ്റു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനാം രാജേന്ദ്രൻ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയാകെ കാവിവൽക്കരിക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തെ ജനകീയമായി പ്രതിരോധിക്കുമെന്ന ചുമതലയാണ്‌ കേരളത്തിന്‌ നിർവഹിക്കാനുള്ളതെന്നും ആ ചുമതല കേരളം ഏറ്റെടുത്തു എന്നതിന്റെ പ്രഖ്യാപനമായി കൺവൻഷൻ മാറിയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പത്തിനകം ജില്ലകളിലും കൺവൻഷനുകൾ പൂർത്തിയാക്കും. തുടർന്ന്‌ എല്ലാ വീട്ടിലും സന്ദേശം എത്തിക്കും. 15ന്‌ ഒരു ലക്ഷം പേർ രാജ്‌ഭവനിലേക്ക്‌ മാർച്ചും ധർണയും നടത്തും. അതേദിവസം എല്ലാ ജില്ലയിലും പതിനായിരങ്ങൾ അണിനിരക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ നടക്കും. ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറുടെ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ജനകീയ പ്രതിഷേധത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, മന്ത്രിമാരായ ആർ ബിന്ദു, ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ, എംഎൽഎമാരായ മാത്യു ടി തോമസ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷി നേതാക്കളായ പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, റോണി മാത്യു, ബിനോയ്‌ ജോസഫ്‌ എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു, മുൻ വിസിമാരായ ബി ഇക്‌ബാൽ, വി പി മഹാദേവൻപിള്ള, സംവിധായകൻ ഷാജി എൻ കരുൺ, സംവിധായകൻ മധുപാൽ, ഡോ. നീന പ്രസാദ്‌, മുരുകൻ കാട്ടാക്കട, സ്വാമി സന്ദീപാനന്ദഗിരി, ജി എസ്‌ പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.