ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മധ്യപ്രദേശിന്റെ തലസ്ഥാന നഗരത്തിലെ രണ്ട് പ്രദേശങ്ങളുടെ ‘അശുദ്ധമായ’ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചു. ഭോപ്പാല്‍ എംപി സാധ്വി പ്രജ്ഞാ സിങ് താക്കൂറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
കോര്‍പ്പറേഷന്‍ തീരുമാനമനുസരിച്ച്, ഹലാല്‍പൂര്‍ ബസ് സ്റ്റാന്‍ഡിന്റെ പേര് ഹനുമാന്‍ ഗര്‍ഹി ബസ് സ്റ്റാന്‍ഡ് എന്നും ലാല്‍ ഘാട്ടിയെ മഹേന്ദ്ര നാരായണ്‍ ദാസ് ജി മഹാരാജ് സര്‍വേശ്വര ചൗര എന്നും പുനര്‍നാമകരണം ചെയ്യും. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പേരുകള്‍ മാറ്റാനുള്ള നിര്‍ദേശം പാസാക്കിയത്.
‘ഹലാല്‍പൂരിലെ ‘ഹലാല്‍’ എന്ന വാക്ക് അശുദ്ധമാണ്. അടിമത്തത്തിന്റെ ചിഹ്നം നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യയുടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിന് നിലവില്‍ നമുക്ക് ശക്തിയുണ്ട്. ഭോപ്പാലിന്റെ യഥാര്‍ത്ഥ ചരിത്രം പുനര്‍നിര്‍മിക്കാനും ഞങ്ങള്‍ തയ്യാറാണ്.” – സാധ്വി പ്രജ്ഞ പറഞ്ഞു.
”ലാല്‍ഘട്ടി’ സ്വാതന്ത്രസമരങ്ങളുടെ പ്രതീകമാണ്. ധീരരായ നിരവധി വീരന്മാര്‍ രക്തസാക്ഷികളായ മണ്ണ്. അതുകൊണ്ട് രക്തം പുരണ്ട ഭൂതകാലത്തെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഓര്‍മ്മിക്കണം.”- ബിജെപി നേതാവ് പറഞ്ഞു. എംപിയുടെ നിര്‍ദേശത്തെ പിന്തുണച്ച് നഗരസഭാധ്യക്ഷന്‍ കിഷന്‍ സൂര്യവംശി രണ്ട് പ്രമേയങ്ങളും പാസാക്കി.