ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

0
93

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ടം അഞ്ചിനും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 14 ആണ്. രണ്ടാം ഘട്ടത്തിലേത് നവംബർ 17ഉം. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 15ഉം നവംബർ 18ഉം ആണ്.

4.9 കോടി വോട്ടർമാരാണ് ഇത്തവണ ഗുജറാത്തിലുള്ളത്. ഇതിൽ 3,24,422 പേർ പുതിയ വോട്ടർമാരാണ്. ഗുജറാത്തിൽ 51782 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. മോർബി സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. 142 മോഡൽ പോളിങ് സ്റ്റേഷനുകളാണുള്ളത്. 1274 പോളിംഗ് സ്റ്റേഷനുകളിൽ സ്ത്രീകളെ മാത്രം വിന്യസിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ അറിയിച്ചു.

വോട്ടർമാരെ ഏതെങ്കിലും സ്ഥാനാർത്ഥിയോ പാർട്ടിയോ സ്വാധീനിച്ചാൽ മൊബൈൽ ഫോണിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് പരാതിപ്പെടാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പരാതിയുടെ അടിസ്ഥആനത്തിൽ 60 മിനിറ്റിനുള്ളിൽ ഒരു സംഘം രൂപീകരിച്ച് 100 മിനിറ്റിനുള്ളിൽ പരാതി പരിഹരിക്കുമെന്നും രാജീവ് കുമാർ വ്യക്തമാക്കി. കൊറോണ രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. ഇത്തവണ ഗുജറാത്തിൽ ത്രികോണ മത്സരമാണ്. ബിജെപിയും കോൺഗ്രസും ആംആദ്മിയുമാണ് ഏറ്റുമുട്ടുന്നത്. 182 സീറ്റിൽ 160 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിനിടയിൽ ഇരുവർക്കും പകരം പുതിയ ബദൽ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ആം ആദ്മി.