ചെങ്കോട്ട ഭീകരാക്രമണക്കേസില്‍ ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫിന് വധശിക്ഷ

0
121

2000ലെ ചെങ്കോട്ട ഭീകരാക്രമണക്കേസില്‍ ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫിന്(അഷ്ഫാഖ്) വധശിക്ഷ തന്നെ. പ്രതിയുടെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ പുനഃപരിശോധനാ ഹര്‍ജിയും ക്യൂറേറ്റീവ് ഹര്‍ജിയും തള്ളിയതിന് ശേഷം സുപ്രീം കോടതി വീണ്ടും പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ആദ്യ കേസാണിത്.

2000 ഡിസംബര്‍ 22 ന് ആണ് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ചെങ്കോട്ടയില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. 2005 ഒക്ടോബര്‍ 31ന് കീഴ്ക്കോടതി ആരിഫിനെ വധശിക്ഷയ്ക്ക് വിധിച്ചു. 2013ല്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. പുനഃപരിശോധന ഹര്‍ജിക്ക് പിന്നാലെ 2014ല്‍ ആരിഫിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ പ്രതികള്‍ ശിക്ഷക്കെതിരെ വീണ്ടും പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു. ഇത് സുപ്രീം കോടതി വീണ്ടും തള്ളുകയായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന സുപ്രധാന വിധിയുണ്ടായതും ഈ കേസിലാണ്. യാക്കൂബ് മേമന്റെയും ആരിഫിന്റെയും ഹര്‍ജിയില്‍ 2015ല്‍ ആയിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. നേരത്തെ ജഡ്ജി തന്റെ ചേംബറിലാണ് റിവ്യൂ ഹര്‍ജി കേട്ടിരുന്നത്.