വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ഇന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരം പാളയം മാർക്കറ്റിന് മുന്നിൽ മന്ത്രി ജി. ആർ അനിൽ ‘അരിവണ്ടി’യുടെ ഉദ്ഘാടനം നിർവഹിക്കും. ജയ, കുറുവ, മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി ആകെ 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാവുന്നതാണ്. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് ‘അരിവണ്ടി’ സഞ്ചരിക്കുന്നത്. ഒരു താലൂക്കിൽ രണ്ട് ദിവസം എന്ന ക്രമത്തിലാണ് ‘അരിവണ്ടി’യുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികൾ ‘അരിവണ്ടി’ ഫ്ലാഗ് ഓഫ് ചെയ്യും.
അതേസമയം, അരിവില നിയന്ത്രണത്തിന് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ചർച്ചകൾ നടന്നുവെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കിയിരുന്നു. ആന്ധ്രയിൽ നിന്ന് അരി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ഭക്ഷ്യവകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവുവുമായി മന്ത്രി ജി.ആർ അനിൽ ചർച്ച നടത്തിയിരുന്നു. ഇന്ന് നടന്ന ചർച്ച വിജയമാണ്. ആന്ധ്രയിൽ നിന്ന് ആറ് ഭക്ഷ്യ ഉത്പന്നങ്ങൾ വിലകുറച്ച് വാങ്ങാൻ ധാരണയായി.
ജയ അരി കൂടാതെ വറ്റൽ മുളക്, പിരിയൻ മുളക്, കടല, വൻപയർ, മല്ലി എന്നിവയാണ് ആന്ധ്രയിൽ നിന്ന് വാങ്ങുക. എന്നാൽ, ജയ അരി ആന്ധ്രയിൽ നിന്ന് ഉടൻ ലഭിക്കില്ല. ആന്ധ്രയിൽ നിന്ന് ജയ അരി ഇറക്കുമതി ചെയ്യാൻ കുറഞ്ഞത് നാല് മാസമെങ്കിലും താമസമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് ഭക്ഷ്യവസ്തുക്കൾ അടുത്ത മാസം മുതൽ എത്തും. ഇതിലൂടെ വിലവർധനവ് തടയാനാകുമെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
കേരളത്തിന്റെ ആവശ്യമനുസരിച്ച് കൃഷി ചെയ്യുമെന്ന് ആന്ധ്രാപ്രദേശ് ഭക്ഷ്യവകുപ്പ് മന്ത്രി കെ.പി. നാഗേശ്വര റാവു അറിയിച്ചു. ജയ അരി നിലവിൽ സ്റ്റോക്കില്ല. സുലേഖ അടക്കമുള്ള ഇനങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും കെ.പി നാഗേശ്വര റാവു വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ആന്ധ്ര സർക്കാരുമായി സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി നടത്തിയ ചർച്ചയുടെ ഭാഗമായാണ് ആന്ധ്ര ഭക്ഷ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തിയത്.