തമിഴ്നാട്ടില്‍ കനത്ത മഴ ; രണ്ട് മരണം,സ്‌കൂളുകള്‍ക്ക് അവധി

0
99

തമിഴ്നാട്ടിലെ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ. നഗരത്തിലെ പലപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇന്നലെ രണ്ട് പേർ മരിച്ചു. ഒരാൾ വൈദ്യുതാഘാതമേറ്റും മറ്റൊരു സ്ത്രീ മതിൽ ഇടിഞ്ഞുവീണുമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവിടങ്ങളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാവേരി ഡെൽറ്റ സോണിൽ ഉൾപ്പെടുന്ന ജില്ലകളായ രാമനാഥപുരം, ശിവഗംഗ എന്നിവിടങ്ങളിലെ രണ്ട് പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.അതിനിടെ, ചെന്നൈ, തിരുവള്ളൂർ, റാണിപ്പേട്ട് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും സംസ്ഥാന സർക്കാർഅവധി പ്രഖ്യാപിച്ചു. വെല്ലൂർ, കാഞ്ഞിപുരം, വിഴുപുരം, ചെങ്കൽപട്ട് എന്നിവിടങ്ങളിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.ഇന്നലെ രാവിലെ 8.30 മുതൽ ഇന്നു പുലർച്ചെ 5.30 വരെ ചെന്നൈയിൽ 126.1 മില്ലിമീറ്റർ വരെ മഴ ലഭിച്ചു.നവംബർ രണ്ടിന് ചെന്നൈയിൽ അതിശക്തമായ മഴയ്ക്കും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് തുടങ്ങിയ സമീപ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിലെ തിരുവണ്ണാമലൈ, വില്ലുപുരം, തിരുപ്പത്തൂർ, കല്ല്കുറിശ്ശി, കടലൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, തേനി, തെങ്കാശി, വിരുദുനഗർ, രാമനാഥപുരം, രാമനാഥപുരം, കണ്ണയകുമാർ, തിരുനഗർ എന്നിവിടങ്ങളിലായി ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ ആർഎംസി അറിയിച്ചു

ഒക്ടോബർ 29 ന് തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ മഴ ആരംഭിച്ചു. മഴ കണക്കിലെടുത്ത് ഇവിടെ രണ്ട് സബ്വേകൾ അടച്ചു. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ വെർച്വൽ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉദ്യോഗസ്ഥർ യോജിച്ച് പ്രവർത്തിക്കാൻ നിർദേശിക്കുകയും പരാതികളിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു.