സൊമാലിയയിൽ കാർ ബോംബ് സ്ഫോടനം; മരണം 120 കഴിഞ്ഞു

0
65
A man walks past wreckages of destroyed vehicles near the ruins of a building at the scene of an explosion along K5 street in Mogadishu, Somalia October 30, 2022. REUTERS/Abdirahman Hussein

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ കാർ ബോംബ് സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 120 കഴിഞ്ഞു. ഇവിടെ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിൻറെ ഉത്തരവാദിത്തം അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൽ ഷബാബ് ശനിയാഴ്ച ഏറ്റെടുത്തിരുന്നു. 2017 ഒക്ടോബറിൽ ഇതേ സ്ഥലത്ത് ട്രക്ക് ബോംബ് സ്ഫോടനത്തിൽ 500 ലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം സൊമാലിയയിലെ ഏറ്റവും മാരകമായ സ്ഫോടനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെ ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ മിനിറ്റുകൾക്കുള്ളിൽ ആംബുലൻസുകൾ സ്ഥലത്തെത്തുകയും പിന്നാലെ പരിക്കേറ്റവരെ സഹായിക്കാൻ നിരവധി പേരെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. രണ്ട് തുടർസ്ഫോടനങ്ങൾ നടന്നതോടെ പരിക്കേറ്റവരുടെയും മരിച്ചവരുടെയും സംഖ്യയിൽ വലിയ വർദ്ധനവുണ്ടായിയെന്ന് അധികൃതർ അറിയിച്ചു. ആദ്യ സ്‌ഫോടനത്തിന് ഇരയായവരെ സഹായിക്കാനായി ആളുകൾ കൂടി നിൽക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ആദ്യത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കൊണ്ടുപോകാൻ കൊണ്ടുവന്ന ആംബുലൻസും രണ്ടാമത്തെ സ്‌ഫോടനത്തിൽ കത്തിനശിച്ചു. രണ്ടാമത്തെ സ്‌ഫോടനത്തിൽ ഡ്രൈവർക്കൊപ്പം പ്രഥമശുശ്രൂഷാ പ്രവർത്തകനും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തകൻ മുഹമ്മദ് ഇസെ കോന ഉൾപ്പെടെയുള്ളവർ സ്ഫോടനത്തെ തുടർന്ന് കൊല്ലപ്പെട്ടതായി സോമാലിയൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ മരണസംഖ്യ 120 ആയെന്നും 150 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി അലി ഹാജി ഏദൻ അറിയിച്ചു.

ഏതാണ്ട് 300 ളം പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. സർക്കാരിനെ അട്ടിമറിച്ച് സ്വന്തം ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്ന അൽ ഷബാബ്, മൊഗാദിഷുവിലും മറ്റിടങ്ങളിലും പതിവായി ആക്രമണങ്ങൾ നടത്തുകയാണ്. പ്രസിഡൻറ് ഹസൻ ഷെയ്ഖ് മുഹമ്മദ് തീവ്രവാദികൾക്കെതിരെ അമേരിക്കയുടെയും സഖ്യകക്ഷികളായ പ്രാദേശിക സൈനികരുടെയും പിന്തുണയോടെ ആക്രമണം ആരംഭിച്ചിരുന്നു. ഇതോടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സാമ്പത്തിക ശൃംഖലയ്ക്ക് ഇടിവ് വരുകയും കഴിഞ്ഞ ആഗസ്റ്റ് മുതൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് മേൽ സൈനിക സമ്മർദ്ദം നിലനിൽക്കുന്നുമുണ്ട്. വർഷങ്ങളായി രാജ്യത്ത് വേരുറപ്പിക്കാൻ ശ്രമിക്കുന്ന അൽ ഷാബാബ് ചാവേർ സ്ഫോടനങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ വർഷം ആഗസ്റ്റിൽ അൽ-ഷബാബ് തീവ്രവാദികൾ തലസ്ഥാനത്തെ ഹയാത്ത് ഹോട്ടലിൽ അതിക്രമിച്ച് കയറുകയും സുരക്ഷാ സേനയുമായി ഏതാണ്ട് 30 മണിക്കൂറുകളോളം ഏറ്റുമുട്ടൽ നടത്തുകയും അതിൽ 20 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.