ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതി

0
86

ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.

അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി വിലയിരുത്തി. ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്നതാണ് ഈ രീതി.ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയാണെന്നും കോടതി വിലയിരുത്തി.

ബലാത്സംഗം സ്ഥിരീകരിക്കുന്നതിനുള്ള ഇരട്ട വിരല്‍ പരിശോധന എന്താണ്?

ടി എഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇരട്ട വിരല്‍ പരിശോധന കൈവിരലുകള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഈ പരിശോധനയില്‍, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ കന്യകയാണോ അല്ലയോ എന്ന് അറിയുന്നതിനായി ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ വിരലുകള്‍ ചേര്‍ത്ത് ഇരയുടെ സ്വകാര്യ ഭാഗം പരിശോധിക്കുന്നു. ഡോക്ടര്‍മാരുടെ വിരലുകള്‍ യോനിയില്‍ എളുപ്പത്തില്‍ ചലിക്കുകയാണെങ്കില്‍, സ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഈ ടെസ്റ്റില്‍ കന്യാചര്‍മ്മവും പരിശോധിക്കും.

എന്നാൽ‌ ഈ പരിശോധനയ്ക്കെതിരെ ശക്തമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അത് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രികളുടെ അന്തസ്സിന് എതിരാണെന്നും ഇത് അശാസ്ത്രീയമാണ്, ഇതിലൂടെ ബലാത്സംഗം നടന്നോ ഇല്ലയോ എന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നുമാണ് വിദ​ഗ്ധര്‍ പറയുന്നത്. ഇരട്ട വിരല്‍ പരിശോധനയെ സംബന്ധിച്ചുള്ള പ്രധാന വിമര്‍ശനം, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് ബലാത്സംഗം പോലുള്ള വേദനാജനകമായ ഒരു കാര്യം ഒരിക്കല്‍ കൂടി അനുഭവിക്കേണ്ടി വരുന്നു എന്നതാണ്.

ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം എന്തായിരുന്നു?

ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി പറയുന്നു.

2012 ഡിസംബര്‍ 16ലെ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി രൂപീകരിച്ചത്. 657 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് യോനിയിലെ പേശികളുടെ വഴക്കം ഇരട്ട വിരല്‍ പരിശോധനയിലൂടെ അറിയാം. സ്ത്രീ ലൈംഗികമായി സജീവമാണോ അല്ലയോ എന്ന് ഇത് കാണിക്കുന്നു. അവരുടെ സമ്മതത്തിന് വിരുദ്ധമായാണ് ലൈംഗിക ബന്ധം നടന്നതെന്ന കാര്യം മനസ്സിലാകുന്നില്ല. ഇക്കാരണത്താല്‍ ഈ പരിശോധനാ രീതി ഒഴിവാക്കണം.

എന്നാൽ സുപ്രീം കോടതി ഇത് നിരോധിച്ചതിനുശേഷവും, ലജ്ജാകരമായ ഇരട്ട വിരല്‍ പരിശോധന വീണ്ടും നടക്കുന്നുണ്ട്. 2019ല്‍, ബലാത്സംഗത്തെ അതിജീവിച്ചവരും അവരുടെ കുടുംബാംഗങ്ങളുമായി 1500 ഓളം ആളുകള്‍ ഈ പരിശോധനയ്ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഐക്യരാഷ്ട്രസഭയും ഈ പരിശോധന അംഗീകരിക്കുന്നില്ല.