മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ തീർത്ഥാടകർക്കിടയിലേക്ക് കാർ ഇടിച്ചുകയറി ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മുംബൈയിൽ നിന്ന് 390 കിലോമീറ്റർ അകലെയുള്ള സംഗോള പട്ടണത്തിന് സമീപം വൈകുന്നേരം 6.45 ഓടെയാണ് അപകടമുണ്ടായത്. 32 തീർത്ഥാടകർ കോലാപൂർ ജില്ലയിലെ ജതർവാഡിയിൽ നിന്ന് ക്ഷേത്രനഗരമായ പന്ധർപൂരിലേക്ക് കാൽനട യാത്ര നടത്തുന്നതിനിടെയാണ് സംഭവം.
സംഘം മൂന്ന് ദിവസം മുമ്പ് കോലാപൂരിൽ നിന്ന് യാത്ര ആരംഭിച്ചിരുന്നു. സംഗോളയിൽ എത്തിയപ്പോൾ അമിത വേഗതയിലെത്തിയ എസ്‌യുവി പിന്നിൽ നിന്നും പാഞ്ഞു കയറുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.