ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് ഇറക്കി. ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയുള്ള ഉത്തരവ്.
കോടതി ജീവനക്കാർ ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ കാർഡുകൾ വ്യക്തമായി ധരിക്കണമെന്നും കോടതി ഉത്തരവിട്ടു. എൻട്രി പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകൾ വഴിയും ഹാജർ രേഖപ്പെടുത്തണം. കോട്ട് ധരിക്കാത്ത അഭിഭാഷകർ തിരിച്ചറിയലിനായി എൻട്രി പോയിന്റുകളിൽ അവരുടെ ഐഡി കാർഡ് കാണിക്കേണ്ടതുണ്ട്.
അതേസമയം അഭിഭാഷക വേഷം ധരിച്ചെത്തുന്നവരെ സംശയം ഉയർന്നാൽ മാത്രമേ പരിശോധിക്കാവൂ എന്നും കോടതി നിർദേശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം, ഹൈക്കോടതി കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് അഭിഭാഷക ഗുമസ്തന്മാർ അവരുടെ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.