അന്തരിച്ച മുന്‍ സൈനിക മോധാവി ബിപിന്‍ റാവത്തിന്റെ സ്മരണയ്ക്കായി പഞ്ചലോഹ പ്രതിമ ഒരുങ്ങുന്നു

0
89

അന്തരിച്ച മുന്‍ സൈനിക മോധാവി ബിപിന്‍ റാവത്തിന്റെ സ്മരണയ്ക്കായി പഞ്ചലോഹ പ്രതിമ ഒരുങ്ങുന്നു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നുള്ള എക്സ്-സര്‍വീസ്മെന്‍ അസോസിയേഷനാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പ്രതിമ നിര്‍മ്മിക്കാന്‍ കലാകാരന്മാരെ നിയോഗിച്ചത്. ഇതിനായി അസോസിയേഷന്‍ അംഗങ്ങള്‍ അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. പ്രതിമയ്ക്ക് 4 അടി ഉയരവും 150 കിലോ ഭാരവുമുണ്ടാകും.

2021 ഡിസംബര്‍ 8 നാണ് കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും മരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ആയും ഇന്ത്യന്‍ ആര്‍മിയുടെ 27-ാമത് മേധാവിയായുമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.ഡല്‍ഹിയിലെ പ്രതിരോധ ആസ്ഥാനത്ത് പ്രതിമ സ്ഥാപിക്കാനുള്ള അസോസിയേഷന്റെ നിര്‍ദ്ദേശം ഈ വര്‍ഷം മേയില്‍ അംഗീകരിച്ചിരുന്നു, എന്നാല്‍ ജൂണില്‍, നിര്‍ദ്ദേശം അവലോകനത്തിലാണെന്ന് ഉദ്യോഗസ്ഥരുടെ മറ്റൊരു കത്തില്‍ അറിയിപ്പ് ലഭിച്ചു. ഒരു സൈനിക മേധാവിക്ക് വേണ്ടി പണിയുന്ന ലോകത്തെ ആദ്യത്തെ പ്രതിമയാകും ഇതെന്നാണ് സംഘടന അവകാശപ്പെടുന്നത്.

അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തിന് മുമ്പ് പ്രതിമ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിരോധ ഉദ്യോഗസ്ഥരോടും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ പ്രതിരോധ ആസ്ഥാനത്താണ് പ്രതിമ സ്ഥാപിക്കുക. പഞ്ചലോഹ അലോയിയില്‍ 85 ശതമാനം ചെമ്പ് അടങ്ങിയിരിക്കുന്നു. പരമ്പരാഗത രീതി അനുസരിച്ച്, ടിന്‍, സിങ്ക്, നാമമാത്രമായ സ്വര്‍ണം, വെള്ളി എന്നിവയും അതില്‍ ചേര്‍ക്കും.