Friday
19 December 2025
20.8 C
Kerala
HomeKerala'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’, ഡിജിറ്റൽ സർവ്വേയ്ക്ക് നാളെ തുടക്കം

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’, ഡിജിറ്റൽ സർവ്വേയ്ക്ക് നാളെ തുടക്കം

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വേ ചെയ്ത് കൃത്യമായ റിക്കോഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വേയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കമാവും. നാളെ രാവിലെ 9.30ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സംസ്ഥാനത്ത് റീസർവേ നടപടികൾ 1966 ൽ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വർഷത്തോളം പിന്നിട്ടിട്ടും റീസർവേ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ‘എന്റെ ഭൂമി’ എന്ന പേരിൽ സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാർ തീരുമാനിച്ചത്. ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തില്‍ ആദ്യമായാണ് കേരളം പൂര്‍ണമായും അളക്കുന്ന നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

നാലു വർഷം കൊണ്ട് റീസർവേ പൂർത്തീകരിക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അൺ സർവെയ്ഡ് വില്ലേജുകൾ, നാളിതുവരെ റീസർവേ പൂർത്തിയാകാത്ത വില്ലേജുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി സംസ്ഥാനത്തിന്റെ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കുന്നതിനാണ് നിലവിൽ ലക്ഷ്യമിട്ടിട്ടുള്ളത്.

ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ‘എന്റെ ഭൂമി” എന്ന ഓൺലൈൻ പോർട്ടൽ സർവെയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവെയിൽ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ സർവെ നടത്തുന്നതും ഫീൽഡിൽ വച്ചു തന്നെ മാപ്പുകൾ തയ്യാറാക്കുന്ന വിധത്തിൽ പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായാണ് ഡിജിറ്റൽ സർവെ നടത്തുന്നതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments