പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ചും ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും സ്വർണം കടത്താൻ ശ്രമം

0
126

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ പുതുവഴികൾ പരീക്ഷിച്ച് സ്വർണക്കടത്ത് സംഘം. പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ചും ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വർണമാണ് ചെരുപ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളിൽ തുന്നിച്ചേർത്തി കടത്താനായിരുന്നു ശ്രമം.

സംഭവത്തിൽ കൊല്ലം സ്വദേശി കുമാർ കസ്റ്റംസിന്റെ പിടിയിലായി. മാലിയിൽ നിന്നാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ചെരുപ്പ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

നേരത്തെ, സ്വർണം കടത്താൻ കേട്ടുകേൾവിയില്ലാത്ത വഴി പരീക്ഷിച്ച് പാലക്കാട് സ്വദേശിയും നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു. ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം കണ്ടെത്താനായില്ലെങ്കിലും ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്.