വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
65

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ച് എല്ലാ പിന്തുണയും അറിയിച്ചു. ഒപിയില്‍ ഇരിക്കുമ്പോഴാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. ഡോക്ടറുടെ കൈയ്യില്‍ പൊട്ടലുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അത് ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. പ്രതി റിമാന്‍ഡിലാണ്. കുറ്റം ചെയ്തയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെജിഎംഒഎ ശക്തമായി അപലപിച്ചു.. ആശുപത്രിയിൽ ഓ പി സമയം കഴിഞ്ഞതിനു ശേഷവും ആത്മാർത്ഥയോടെ രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ ഡോക്ടർ ആണ് യാതൊരു പ്രകോപനവും കൂടാതെ കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടർ ഗുരുതരമായ പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമകാരി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമാണ് എങ്കിലും വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കെജിഎംഒഎ പറഞ്ഞു.

അതേസമയം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ 8:30ന് ജനറല്‍ ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. തുടരെ തുടരെയുള്ള ആശുപത്രി ആക്രമണങ്ങള്‍ തടയാന്‍ വേണ്ട എല്ലാ നടപടികളും സർക്കാരിന്റെയും മേലധികാരികളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെട്ടു. ആശുപത്രികളുടെ സുരക്ഷ വധിപ്പിക്കാനും തിരക്ക് കുറയ്ക്കുന്നതിന് മതിയായ മാനവ വിഭവശേഷി ഉറപ്പുവരുത്തുവാനും മതിയായ തുടർ നടപടികൾ ഉണ്ടായില്ല എങ്കിൽ കെജിഎംഒഎ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാൻ നിർബന്ധിതരായി തീരുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോക്ടർ അരുൺ എ ജോൺ ജില്ലാ സെക്രട്ടറി ഡോക്ടർ പത്മപ്രസാദ് എന്നിവർ അറിയിച്ചു.