രാജ്യത്ത് നടക്കുന്ന ബാലപീഡനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ NCPCR

0
71

രാജ്യത്ത് നടക്കുന്ന ബാലപീഡനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഏകദേശം 51,000 ലധികം ബാല പീഡന കേസുകളാണ് പുറത്തു വന്നിരിയ്ക്കുന്നത്‌.

രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ടിരിയ്ക്കുന്ന നിയമപരമായ ഒരു സ്ഥാപനമാണ് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR). ഇത് പരാതികൾ അന്വേഷിക്കുകയും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുകയോ നഷ്‌ടപ്പെടുത്തുകയോ ചെയ്യുന്ന സംഭവങ്ങളില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്യന്നു.

അതേസമയം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് കഴിഞ്ഞ ദിവസം, NCPCR പുറത്തുവിട്ടത്. അതനുസരിച്ച്, 2016-17 മുതൽ 2020-21 വരെയുള്ള അഞ്ച് വർഷത്തിനിടെയുള്ള കാലയളവില്‍ 50,857
ബാല പീഡന പരാതികള്‍ ലഭിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം, ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മധ്യപ്രദേശിൽ നിന്നാണ്. തൊട്ടുപിന്നില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്നത് ഉത്തര്‍ പ്രദേശാണ്.

റിപ്പോര്‍ട്ട് അനുസരിച്ച്, മധ്യപ്രദേശിൽ നിന്ന് 9,572 ഉം ഉത്തർപ്രദേശിൽ നിന്ന് 5,340 ഉം പരാതികള്‍ കമ്മീഷന് ലഭിച്ചു. ഒഡീഷ (4726) ഝാർഖണ്ഡ് 3205, ഛത്തീസ്ഗഡ് 4685 എന്നിങ്ങനെയാണ് കണക്കുകള്‍.

പരാതികള്‍ ലഭിക്കുന്ന അവസരത്തില്‍ അന്വേഷണം നടത്തുകയും, ബാലാവകാശ ലംഘനം നടന്നതായി കണ്ടെത്തിയാല്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍, അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്ന ‍ ശിശു സംരക്ഷണ സ്ഥാപനങ്ങൾ പരിശോധിക്കുക, കുട്ടികളുടെ അവകാശങ്ങൾ ആസ്വദിക്കുന്നതിന് തടസ്സമാകുന്ന ഘടകങ്ങൾ പരിശോധിക്കുക, നിലവിലുള്ള നിയമങ്ങള്‍, നയങ്ങൾ അവലോകനം ചെയ്യുക, പൊതുജന അവബോധം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്‍ നടപ്പാക്കി വരുന്നു. 1908-ലെ സിവിൽ പ്രൊസീജ്യർ കോഡ് പ്രകാരം ഇതിന് ഒരു സിവിൽ കോടതിയുടെ അധികാരമുണ്ട്.