വന്ദേ ഭാരത് എക്‌സ്പ്രസ് വീണ്ടും അപകടത്തിൽപ്പെട്ടു

0
66

ഗുജറാത്തിൽ വീണ്ടും സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസ് അപകടത്തിൽപ്പെട്ടു. വൽസാദിലെ അതുൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. കാള ഇടിച്ചതിനെ തുടർന്ന് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മുൻഭാഗം തകർന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.

മഹാരാഷ്ട്രയിലെ മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാളയുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.17 ഓടെയാണ് വന്ദേ ഭാരത് എക്‌സ്പ്രസും കാളയും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മുൻഭാഗം തകർന്നു. ഇതോടെ 15 മിനിറ്റോളം ട്രെയിൻ അവിടെ നിർത്തിയിട്ടു.

മുംബൈ സെൻട്രലിനും ഗാന്ധിനഗർ തലസ്ഥാനത്തിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മൂന്നാമത്തെ അപകടമാണിത്. അപകടം പതിവായതോടെ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ, ഒക്ടോബർ 6 ന് അഹമ്മദാബാദിൽ വച്ച് മുംബൈയിൽ നിന്ന് ഗാന്ധിനഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ് എരുമക്കൂട്ടവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് ഒരു ദിവസം കഴിഞ്ഞ്, അതായത് ഒക്ടോബർ 7 ന് ഗുജറാത്തിലെ ആനന്ദിൽ വന്ദേഭാരത് പശുവുമായി കൂട്ടിയിടിച്ചു.