ചൊവ്വാഴ്ച്ച രാജ്യത്ത് ഉടനീളം സേവനങ്ങൾക്ക് തടസം നേരിട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് വാട്ട്‌സ്ആപ്പ്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് സർക്കാർ ഈ വിവരം ആവശ്യപ്പെട്ടത്. രാജ്യത്തുണ്ടാവുന്ന പ്രധാന ഇന്റർനെറ്റ് സേവന തടസങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് സർക്കാർ റിപ്പോർട്ട് തേടിയത്. അതേസമയം, വാട്ട്‌സ്ആപ്പ് സമർപ്പിച്ച വിശദീകരണ റിപ്പോർട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വാട്ട്‌സ്ആപ്പ് തകരാറിനെക്കുറിച്ചുള്ള റിപ്പോർട്ട് മാതൃ കമ്പനിയായ മെറ്റാ ഇതിനകം സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്‌ചയുണ്ടായ പ്രവർത്തന തടസത്തിന്റെ പിന്നിലെ കാരണങ്ങൾ അറിയിക്കാൻ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തകരാർ ഉണ്ടായതിന് പിന്നാലെ വാട്ട്‌സ്ആപ്പും മെറ്റയും സാങ്കേതിക പിശക് മൂലമാണ് തകരാർ സംഭവിച്ചതെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്‌താവന പുറത്തിറക്കിയിരുന്നു.
ഗവൺമെന്റിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഐസിഇആർടിക്ക് വാട്ട്‌സ്ആപ്പ് തകരാറിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടത്. വാട്ട്‌സ്ആപ്പിന്റെ എക്കാലത്തെയും ദൈർഘ്യമേറിയ തകരാറുകളിലൊന്നാണ് ചൊവ്വാഴ്‌ച ഉച്ചയോടെഉണ്ടായത്. ഈ സേവന തടസം ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
തകരാർ മൂലമുണ്ടായ നഷ്‌ടത്തെക്കുറിച്ച് സർക്കാരോ വാട്ട്‌സ്ആപ്പോ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ തടസത്തിന്റെ ആഘാതം ദൂരവ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ സമയത്ത് ടെക്‌സ്‌റ്റുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. വോയ്‌സ് കോൾ, വിഡിയോ കോൾ എന്നിവയും ലഭ്യമായിരുന്നില്ല.
ഡൗൺഡിറ്റക്റ്റർ റിപ്പോർട്ട് അനുസരിച്ച് ഏതാണ്ട് 30,000 റിപ്പോർട്ടുകളാണ് വിഷയത്തിൽ ഓൺലൈനായി ഉണ്ടായിരുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ലഖ്‌നൗ എന്നിവയുൾപ്പെടെ മിക്ക മെട്രോ നഗരങ്ങളെയും ഇത് കാര്യമായി ബാധിച്ചിരുന്നു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായി തടസം റിപ്പോർട്ട് ചെയ്‌തിരുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും, ചില യൂറോപ്യൻ രാജ്യങ്ങളിലും തകരാർ ഉണ്ടായിരുന്നു.