മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

0
89

മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. അതേസമയം പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ പൊലീസ് തയ്യാറെടുപ്പുകൾ തുടങ്ങി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കുക.

ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തതെന്ന് വിമർശനമുണ്ടായിരുന്നു. പ്രതി സ്ഥലത്തുള്ളപ്പോൾ തന്നെ പരാതി ലഭിച്ചിട്ടും അയാളെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് പ്രഭാത സവാരിക്കെത്തിയ യുവതിക്കുനേരെ യുവാവ് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി കാറിൽനിന്ന് ഇറങ്ങുന്നതും വിഡിയോയിൽ കാണാം.

പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെക്കുറിച്ചും അയാൾ ഉണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ചും സംഭവത്തിനു തൊട്ടുപിന്നാലെ പൊലീസിനു വിവരം നൽകിയിട്ടും അവർ ഗൗനിച്ചില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. ലൈംഗികാതിക്രമം എന്ന് എഫ്ഐആറിൽ എഴുതിയെങ്കിലും, ജാമ്യം കിട്ടുന്ന ദുർബലമായ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരുന്നത്. ഇതിനെതിരെ വിമർശനം കടുത്തതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.