കോയമ്പത്തൂർ കാർ സ്‌ഫോടനം: പ്രതികളിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

0
67

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിൽ എൻഐഎ അന്വേഷണം തുടങ്ങി. സംഭവത്തിൽ വ്യാഴാഴ്ച എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിൽ നിന്ന് 109 വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. ഇസ്ലാമിക പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട നോട്ടുബുക്കുകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും എൻഐഎ അറിയിച്ചു.

പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, ബ്ലാക്ക് പൗഡർ, രണ്ട് മീറ്ററോളം നീളമുള്ള ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, ഓക്‌സിജൻ കാനിസ്റ്റർ, 9 വോൾട്ട് ബാറ്ററി ക്ലിപ്പ്, വയർ, ഇരുമ്പ് ആണി, സ്വിച്ച്, ഗ്യാസ് സിലിണ്ടർ, ഇൻസുലേഷൻ ടേപ്പ്, പാക്കിംഗ് ടേപ്പുകൾ, ഹാൻഡ് ഗ്ലൗസ്, ഇസ്ലാമിക ആശയങ്ങളുടെ വിശദാംശങ്ങളുള്ള നോട്ട്ബുക്കുകൾ എന്നിവയാണ് കണ്ടെത്തിയത്.

കോയമ്പത്തൂരിലെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം ഒക്ടോബർ 23 ന് വൈകുന്നേരം ഒരു കാറിൽ ഒരു സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ കാർ ഡ്രൈവർ മരിച്ചിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തിയിട്ടുണ്ട്. റിയാസ്, നവാസ്, ഫിറോസ്, മുബീൻ എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാന ഡിജിപി ശൈലേന്ദ്രബാബു വെളിപ്പെടുത്തലുകൾ നടത്തുന്നത് വരെ ഇതൊരു അപകടമായാണ് ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. ‘ഞങ്ങൾ സ്ഫോടന സ്ഥലത്ത് നിന്ന് നഖങ്ങളും മാർബിൾ ബോളുകളും കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, കരി, സൾഫർ തുടങ്ങിയ തീവ്രത കുറഞ്ഞ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ പിടിച്ചെടുത്തു, ഇത് നാടൻ ബോംബുകൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.’ഡിജിപി പറഞ്ഞു.

കോയമ്പത്തൂരിനെ നടുക്കിയ കാർബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. മുഹമ്മദ് ദൽഖ, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായിൽ, മുഹമ്മദ് നവാസ് ഇസ്മായിൽ എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരിൽ ചിലർ ഭാരമുള്ള വസ്തു കൊണ്ടുപോകുന്നതായി മുബിന്റെ വീടിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു. റിയാസ്, നവാസ്, ഫിറോസ് എന്നിവർ സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോകാൻ മുബിനെ സഹായിച്ചതായും കോയമ്പത്തൂർ കമ്മീഷണർ ബാലകൃഷ്ണൻ പറഞ്ഞു. അന്വേഷണത്തിൽ ഇവരിൽ കുറച്ചുപേർ കേരളത്തിലേക്ക് പോയതായും കണ്ടെത്തി. ഇവരിൽ ചിലരെ 2019ൽ എൻഐഎ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.