ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും: ഡൊണാൾഡ് ട്രംപ്

0
61

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്‌ദാനം ചെയ്‌തു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ റിപ്പബ്ലിക്കൻ ഹിന്ദു കോയലിഷൻ സംഘടിപ്പിച്ച ദീപാവലി പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. താൻ ഹിന്ദുക്കളുമായും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല ബന്ധം പങ്കിടുന്നയാളാണെന്നും ട്രംപ് പറഞ്ഞു.

താൻ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും, എന്നാൽ മത്സരിച്ചാൽ വിജയിക്കുമെന്നും പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടുള്ള ചില പ്രതിബദ്ധതകളെ കുറിച്ചും ട്രംപ് വ്യക്തമാക്കി. 2016ലും 2020ലും ഇന്ത്യൻ ഹിന്ദു സമൂഹത്തിൽ നിന്നും തനിക്ക് ലഭിച്ച പിന്തുണയും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

2016ലെ തിരഞ്ഞെടുപ്പിൽ ഹിന്ദു സമൂഹത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ വിജയിക്കില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ട്രംപ് ഹിന്ദു സമൂഹത്തിന്റെ അടുത്ത സുഹൃത്താണെന്നും, അമേരിക്കയിലെ പ്രവാസികളെ ശാക്തീകരിക്കാനും മുന്നോട്ട് കൊണ്ടുപോവാനും നടത്തിയ പ്രവത്തനങ്ങളിൽ സംഘടനയ്ക്ക് അഭിമാനമുണ്ടെന്നും ആർഎച്ച്സി തലവൻ ശലഭ് കുമാർ വ്യക്തമാക്കി. ട്രംപിന്റെ കീഴിൽ യുഎസ്-ഇന്ത്യ ബന്ധം സുശക്തമായിരുന്നുവെന്നും, ഇരുപക്ഷവും പാകിസ്ഥാൻ, ചൈന എന്നീ പൊതുഭീഷണികളെ നേരിടുകയും, പരസ്‌പര ബഹുമാനത്തോടെയും ആദരവോടെയും ബന്ധം വളർത്തിയെന്നും ആർഎച്ച്സി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.