ആറരപതിറ്റാണ്ടിലേറെ കാലം കുളിക്കാതെ ജീവിച്ച മനുഷ്യൻ 94ാം വയസ്സിൽ അന്തരിച്ചു. ഇറാൻകാരനായ അമൗ ഹാജിയെ ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ’ എന്നാണ് ലോകം വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 68 വർഷമായി ഇയാൾ കുളിക്കാതെ ജീവിക്കുകയായിരുന്നു. ഇറാൻ വാർത്താ ഏജൻസി ഐആർഎൻഎയാണു മരണവിവരം പുറത്തുവിട്ടത്.
പതിറ്റാണ്ടുകൾ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാൾ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങൾ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്.
പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014ൽ ടെഹ്റാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ ഇയാൾ പറയുന്നുണ്ട്. പ്രത്യേകിച്ച് മുള്ളൻ പന്നിയുടേത്. ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനിൽനിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു.
ഇറാനിലെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോന്നിരുന്നത്. ചെറുപ്പകാലത്തുണ്ടായ തിക്താനുഭവങ്ങളാണ് ഇത്തരമൊരു ശീലത്തിനുകാരണമെന്നാണ് റിപ്പോര്‍ട്ട്.
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും. മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിഞ്ഞിരുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.
അമൗ ഹാജി മാത്രമല്ല കുളിക്കാതെ വർഷങ്ങൾ കഴിച്ചുകൂട്ടിയത്. വാരണാസിയിലെ ഗുരു കൈലാഷ് സിംഗ് 1974ൽ വിവാഹത്തിന് ശേഷം ഇതുവരെയും കുളിച്ചിട്ടില്ല. കുളിക്കുന്നത് നിർത്തിയാൽ മകൻ ജനിക്കുമെന്ന പൂജാരിയുടെ വാക്ക് വിശ്വസിച്ചായിരുന്നു ഇത്. എന്നാൽ ഈ പ്രവചനം ഫലിച്ചില്ല. ഏഴു പെൺമക്കളാണ് അദ്ദേഹത്തിന് ലഭിച്ചത്.