ടി-20 ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക്. ഇന്ന് നെതർലൻഡ്സിനെതിരെ നടന്ന സൂപ്പർ 12 മത്സരത്തിൽ നേടിയ മൂന്ന് സിക്സറുകളാണ് രോഹിതിനെ ഈ നേട്ടത്തിലെത്തിച്ചത്. ഇതോടെ രോഹിതിന് ടി-20യിൽ 34 സിക്സറുകളായി.
മുൻ താരം യുവരാജ് സിംഗിൻ്റെ 33 സിക്സറുകൾ എന്ന നേട്ടമാണ് രോഹിത് മറികടന്നത്. മുൻ ക്യാപ്റ്റൻ വിരാട് കോലിയാണ് (24) പട്ടികയിലെ മൂന്നാമത്തെ ഇന്ത്യൻ താരം. 63 സിക്സറുകൾ നേടിയ വിൻഡീസ് മുൻ താരം ക്രിസ് ഗെയിലാണ് ഈ പട്ടികയിൽ ഒന്നാമത്.
മത്സരത്തിൽ നെതർലൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 നഷ്ടപ്പെടുത്തി 179 റൺസ് നേടി. 44 പന്തുകളിൽ 62 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (53), സൂര്യകുമാർ യാദവ് (51 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി.