Friday
19 December 2025
22.8 C
Kerala
HomeWorldതുടര്‍പഠനം വഴിമുട്ടി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ യുക്രൈനിലേക്ക് മടങ്ങി

തുടര്‍പഠനം വഴിമുട്ടി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ യുക്രൈനിലേക്ക് മടങ്ങി

യുദ്ധത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ 1,500 ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനിലേക്ക് മടങ്ങി. റഷ്യയുടെ സൈനിക ആക്രമണം തുടരുന്നതിനാല്‍ അപകട സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ തന്നെയാണ് വിദ്യാര്‍ഥികളുടെ മടക്കം. മാസങ്ങളോളം കാത്തിരുന്നിട്ടും ഇന്ത്യയില്‍ തുടര്‍ പഠനത്തിന് സാഹചര്യം ഒരുങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാ ഇന്ത്യക്കാരും എത്രയും വേഗം യുക്രൈന്‍ വിടണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം വിദ്യാര്‍ഥികള്‍ അവഗണിച്ചത്.

ഇന്ത്യയിലെത്തുമ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് മാത്രമായിരുന്നു ഏക ആശങ്ക. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആക്ട് (എന്‍എംസിഎ) 2019 പ്രകാരം മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത്തരം ഇളവുകള്‍ നല്‍കുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചത്. വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ നവംബര്‍ ഒന്നിന് പരിഗണിക്കാനായി സുപ്രീംകോടതി പട്ടികപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ പഠനത്തിനായി യുക്രൈനിലേക്ക് മടങ്ങിയെത്തിയ ചില വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ ടുഡേയോട് സംസാരിച്ചു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യം വിട്ടുപോകാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇവര്‍ വിശദീകരിച്ചു. മള്‍ഡോവ വഴിയാണ് യുക്രൈനിലേക്ക് തിരിച്ചെത്തിയതെന്ന്
ബിഹാറിലെ ഗയ സ്വദേശിയും വിനിറ്റ്‌സിയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ രവി കുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിന് സമീപമുള്ള തന്റെ ഹോസ്റ്റലിന് സമീപം ദിവസവും അഞ്ച് മുതല്‍ ഏഴ് വരെ എയര്‍ സൈറണുകള്‍ കേള്‍ക്കാമെന്നും രവി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഉയര്‍ന്ന വിലയ്ക്ക് ഭക്ഷണം വാങ്ങേണ്ടിവരുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് അവരുടെ കരിയര്‍ പ്രധാനമായതിനാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ കുടുംബം ആശങ്കാകുലരാണ്, ഞങ്ങള്‍ അവരോട് ഇവിടുത്തെ യഥാര്‍ത്ഥ ചിത്രം പറയുന്നില്ലെന്ന് അവര്‍ പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് എന്താണ് വഴി? ഞങ്ങള്‍ വളരെ ദരിദ്രരായ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്, ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പഠനം താങ്ങാന്‍ കഴിയില്ല,’ രവി കൂട്ടിച്ചേര്‍ത്തു.

‘ഓപ്പറേഷന്‍ ഗംഗ’ ആരംഭിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ തയ്യാറായില്ലെന്നും മറ്റൊരു വിദ്യാര്‍ത്ഥിയായ ഗോരഖ്പൂര്‍ സ്വദേശി മോഹന്‍ കുമാര്‍ പറഞ്ഞു. 300ഓളം വിദ്യാര്‍ത്ഥികള്‍ വിനിറ്റ്‌സിയ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ടെന്നും 1,500 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ റൂട്ടുകളിലൂടെ രാജ്യത്ത് മടങ്ങിയെത്തിയെന്നും മോഹന്‍ പറഞ്ഞു. മെഡിക്കല്‍ ബിരുദം കൈയില്‍ കിട്ടുന്നത് വരെ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Most Popular

Recent Comments