Monday
12 January 2026
21.8 C
Kerala
HomeIndiaഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ദോഹയില്‍ തടവില്‍

ഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ദോഹയില്‍ തടവില്‍

ഖത്തർ എമീരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന കമ്പനിയുമായി ചേർന്ന് ഖത്തറിൽ ജോലി ചെയ്യുന്ന എട്ട് മുൻ ഇന്ത്യൻ നേവി ഓഫീസർമാർ കസ്റ്റഡിയില്‍. സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

@DrMeetuBhargava എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ഇത് സംബന്ധിച്ച് ട്വീറ്റ് വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ദോഹയില്‍ 57 ദിവസമായി മുന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കസ്റ്റഡിയിലാണെന്നായിരുന്നു ട്വീറ്റ്.

ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി കേന്ദ്ര മന്ത്രിമാരെ ടാഗ് ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.

ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു മുന്‍ നേവി ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഖത്തര്‍ പ്രതിരോധ സുക്ഷ ഏജന്‍സികളുടെ പ്രദേശിക പങ്കാളിയായാണ് കമ്പനി അറിയപ്പെടുന്നത്.

കമ്പനിയുടെ സിഇഒ ഖാമിസ് അല്‍ അജ്മി റോയല്‍ ഒമാന്‍ എയര്‍ ഫോഴ്സിന്റെ സ്ക്വാഡ്രോണ്‍ ലീഡറായിരുന്നു. കസ്റ്റഡിയിലായ എട്ട് പേരില്‍ കമ്പനിയുടെ എഡിയായ കമാന്‍ഡര്‍ പൂര്‍ണേന്ദു തീവാരിയും ഉള്‍പ്പെടുന്നു. 2019 ല്‍ പൂര്‍ണേന്ദു പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്കാരം അന്നത്തെ പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ എന്ത് കാരണത്താലാണ് എട്ട് പേരെയും കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല. ഈ മാസം ആദ്യം ദോഹയിലെ ഇന്ത്യൻ മിഷന്റെ ഉദ്യോഗസ്ഥർ ഇവര്‍ക്ക് കോൺസുലർ സന്ദർശനം അനുവദിച്ചതായാണ് ലഭിക്കുന്ന വിവരം. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം ലഭ്യമായിട്ടില്ല

RELATED ARTICLES

Most Popular

Recent Comments