ദീപാവലി ആഘോഷിക്കുന്നതിനിടെ ദില്ലിയിൽ വീട് പൂർണ്ണമായും കത്തി നശിച്ചു

0
69

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനിടെ ദില്ലിയിൽ ഒരു വീട് പൂർണ്ണമായും കത്തി നശിച്ചു. വന്ദന വർമ്മ തന്റെ ഭർത്താവിനും മകനുമൊത്ത് ദീപാവലി വൈകുന്നേരം ബന്ധുവിന്റെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. തിരിച്ച് വരുന്നതിനിടെ ഇവരുടെ വീട് അഗ്നിക്കിരയായി. സമീപത്തുള്ളവർ ദീപാവലി ആഘോഷിക്കുന്നതിനിടെ ഒരു പടക്കം ജനാലയിലൂടെ ഇവരുടെ വീട്ടിലാണ് വന്ന് വീണത്.

ജനാലയിലൂടെ തീ പടർന്നു. ഇത് കണ്ട് സമീപവാസികൾ അധികൃതരെ വിവരമറിയിച്ചു. അഗ്നിശമന സേന എത്തി തീയണയ്ക്കുമ്പോഴേക്കും വീട്ടിലെ ഒരു വിധം വസ്തുക്കളിലേക്കെല്ലാം തീ പടർന്നിരുന്നു. ദീപാവലി ആഘോഷിച്ച് തിരിച്ചെത്തിയ വന്ദനയും കുടുംബവും കണ്ടത് അഗ്നിക്കിരയായ തങ്ങളുടെ വീടാണ്. അപ്പോഴേക്കും അഗ്നിശമന സേന തീയണച്ചിരുന്നു.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അവർ വീട്ടിൽ രംഗോലിയിട്ടിരുന്നു. വിവാഹത്തിന് ഒരു വർഷത്തിന് ശേഷമാണ് താനും ഭർത്താവും വീട് വാങ്ങിയതെന്ന് വന്ദന പറഞ്ഞു. മകന്റെ പഠനമേശയുടെ അവശിഷ്ടങ്ങൾ കണ്ട് കണ്ണുനിറഞ്ഞ അവർ, ഏഴാം ക്ലാസിൽ പഠിക്കുന്ന മകന്റെ പുസ്തകങ്ങളെല്ലാം കത്തി നശിച്ചതായും പറഞ്ഞു.

”ധരിക്കാൻ വസ്ത്രമില്ല. 13 വർഷമായി ഞങ്ങൾ ഈ വീട്ടിൽ കെട്ടിയുണ്ടാക്കിയ ജീവിതം.. ഇപ്പോൾ ഇല്ലാതായി. ഞങ്ങളുടെ കംപ്യൂട്ടർ, പിയാനോ, എസി, ഇൻവെർട്ടർ, ടിവി, ഫ്രിഡ്ജ്, ലാപ്‌ടോപ്പ്…എല്ലാം നശിച്ചു…” എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ കരഞ്ഞുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്. വീടിന്റെ മാർബിൾ തറയും മേൽക്കൂരയും ഭിത്തിയും തകർന്നിട്ടുണ്ട്.

“ദൈവാനുഗ്രഹത്താൽ സമീപവാസികൾക്ക് അപകടമൊന്നും പറ്റിയില്ല. പടക്കം കർശനമായി നിരോധിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പടക്കം പൊട്ടിക്കുന്നത് ആളുകൾ അവസാനിപ്പിക്കണം. ഇത് തിരക്കേറിയ പ്രദേശമാണ്. ഒരു തീപ്പൊരി പോലും അപകടമുണ്ടാക്കും. ഇവിടെ അവർ റോക്കറ്റാണ് ഉപയോഗിച്ചത്.” വന്ദന പറഞ്ഞു.

ദീപാവലി സമയം ദില്ലിക്ക് ദുരിതകാലമാമ്. വായു മലിനീകരണം രൂക്ഷമാകുന്നതിനാൽ ദില്ലിയിൽ പടക്കങ്ങൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴത്തെയും പോലെ ഇത്തവണയും നിരോധനം ലംഘിച്ച് ആളുകൾ പടക്കം പൊട്ടിച്ചു. ദീപാവലി ദിനത്തിൽ തീപിടിത്തവുമായി ബന്ധപ്പെട്ട് 201 കോളുകൾ ഡൽഹി അഗ്നിശമന സേനയ്ക്ക് ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 32 ശതമാനം കൂടുതലാണ് ഇത്.