പരാതിക്കാരിയെ വക്കീല്‍ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ്‌

0
99

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസെടുത്ത് വഞ്ചിയൂര്‍ പൊലീസ്. പരാതിക്കാരിയെ വക്കീല്‍ ഓഫീസില്‍ വെച്ച് മര്‍ദിച്ചെന്ന മൊഴിയിലാണ് പുതിയ കേസ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബലാത്സംഗക്കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകും. തെളിവ് ശേഖരണത്തിനായി എൽദോസിനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കും. ഇതിനിടെയാണ് പുതിയ കേസ്.

നേരത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. എംഎൽഎ അദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ വീട്ടിൽ ഉൾപ്പെടെ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവൈങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെ പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും യുവതി മൊഴിയിൽ പറഞ്ഞിരുന്നു. എംഎൽഎയുമായി നേരത്തെ പരിചയമുണ്ടെന്നും ജൂലൈ മുതൽ അടുത്ത ബന്ധത്തിലായെന്നും യുവതി ആരോപിക്കുന്നു.