അധ്യാപക നിയമന അഴിമതി; ബംഗാളിൽ 12 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

0
62

പശ്ചിമ ബംഗാളിലെ സെക്കൻഡറി, ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യാപകരെ നിയമിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെ സിബിഐ ചൊവ്വാഴ്‌ച കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്തയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പശ്ചിമ ബംഗാൾ സെൻട്രൽ സ്‌കൂൾ സർവീസ് കമ്മീഷൻ (ഡബ്ല്യുബിസിഎസ്‌സി) മുൻ ചെയർമാൻ സുബിരേഷ് ഭട്ടാചാര്യ ഉൾപ്പെടെ 12 പേരുടെ പേരുകൾ സിബിഐ ഉൾപ്പെടുത്തിയതായി  റിപ്പോർട്ട്.

ഒരു മുൻ ഉപദേഷ്‌ടാവ്, ഡബ്ല്യുബിസിഎസ്‌സിയുടെ മുൻ അസിസ്‌റ്റന്റ് സെക്രട്ടറി, കമ്മീഷനിലെ രണ്ട് മുൻ പ്രോഗ്രാം ഓഫീസർമാർ, മറ്റ് ആറ് പേർ എന്നിവരെ അലിപോറിലെ പ്രത്യേക ജഡ്‌ജിന് സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.

“പശ്ചിമ ബംഗാളിലെ സെക്കണ്ടറി, ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ അസിസ്‌റ്റന്റ് ടീച്ചർ തസ്‍തികയിലേക്ക് യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിന് പൊതുപ്രവർത്തകരും സ്വകാര്യ വ്യക്തികളും ഉൾപ്പെടെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. പാനലിന്റെ കാലാവധി കഴിഞ്ഞ 2016ൽ ആയിരുന്നു ഇത്” കുറ്റപത്രത്തിൽ പറയുന്നു.

ഇതിൽ ഡബ്ല്യുബിസിഎസ്‌സിയുടെ മുൻ ചെയർമാൻ, മുൻ ഉപദേഷ്‌ടാവ്, അസിസ്‌റ്റന്റ് സെക്രട്ടറി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്, രണ്ട് സ്വകാര്യ വ്യക്തികൾ എന്നിവർ ഇപ്പോൾ ജുഡീഷ്യറിയിലാണ്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് സിബിഐ പ്രതിനിധി വ്യക്തമാക്കി.

അതേസമയം, സർക്കാർ സ്‌പോൺസേഡ്, എയ്‌ഡഡ് സ്‌കൂളുകളിലെ ഗ്രൂപ്പ്-സി, ഡി ജീവനക്കാരുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കമ്മീഷൻ ശുപാർശ പ്രകാരം അന്വേഷിക്കാൻ കൽക്കട്ട ഹൈക്കോടതി സിബിഐയോട് നിർദ്ദേശിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട പണമിടപാട് ഇഡിയും പരിശോധിച്ച് വരികയാണ്. കേസിൽ പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ മുൻ ചെയർമാനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ മണിക് ഭട്ടാചാര്യ, മുൻ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി, അദ്ദേഹത്തിന്റെ അടുത്ത അനുയായി അർപ്പിത മുഖർജി എന്നിവരെ കേസിൽ ഇഡി നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.