ഇലന്തൂർ നരബലിക്കേസിൽ മൂന്ന് പ്രതികളെയും മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാന്റ് ചെയ്തു

0
41

ഇലന്തൂർ നരബലിക്കേസിൽ മൂന്ന് പ്രതികളെയും മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ് എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്കും മാറ്റി. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് മാജിസ്‌ട്രേറ്റിന് മുൻപിൽ പ്രതികളെ ഹാജരാക്കിയത്.

വിശദമായ തെളിവെടുപ്പ് നടത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം. ഇലന്തൂർ നരബലിക്കേസിൽ കഴിഞ്ഞ പതിമൂന്നിനാണ് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണസംഘം പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ആദ്യ രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇലന്തൂരിലെ നരബലി നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയായിരുന്നു തെളിവെടുപ്പ്. ഫ്രിഡ്ജിൽ നിന്നുള്ള രക്തക്കറ ഉൾപ്പടെ നിർണായകമായ നാൽപത്തിലധികം തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം കണ്ടെടുത്തു.

കേസിലെ മുഖ്യപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ടവരുടെയും മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൈബർ തെളിവുകളും, ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പത്മം, റോസ്‌ലിൻ എന്നിവർക്കപ്പുറത്തേക്ക് മറ്റൊരു ഇര ഇല്ല എന്നാണ് അന്വേഷണം സംഘം ഉറപ്പിക്കുന്നത്. ഇടയ്ക്ക് ഉയർന്ന് വന്ന അവയവക്കടത്ത് ഉൾപ്പടെ ഉള്ള ആരോപണങ്ങളും അന്വേഷണസംഘം പൂർണമായി നിഷേധിക്കുന്നുണ്ട്. റോസ്‌ലിന്റെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.