ഗവർണറുടേത് സര്‍വകലാശാലകൾ നേടിയ മികവിന് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധം: മുഖ്യമന്ത്രി

0
85

സംസ്ഥാനത്തെ സര്‍വകലാശാലകൾ നേടിയ മികവിന് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതെന്നും അത്തരം ദുരുപയോഗങ്ങൾ അനുവദിച്ചുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അതിന് വേണ്ടിയുള്ള അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാർത്താസളനത്തിൽ പറഞ്ഞു.

ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിൻ്റെ അന്ത:സത്തെയെ നിരാകരിക്കുന്നതുമായ രീതിയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണത്.

ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും ഇത്തരം അമിതാധികാര പ്രവണതകൾ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവർണർ പദവി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരായ നീക്കം നടത്താനോ ഉള്ളതല്ല. ഭരണഘടന ഗവർണർക്ക് നൽകുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണ്.

കെടിയു വൈസ് ചാൻസലർ നിയമനം സംബന്ധിച്ച കോടതി വിധിയുടെ മറപിടിച്ചാണ് ഒൻപത് വൈസ് ചാൻസലർമാരോട് ഏകപക്ഷീയമായി രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. അക്കാദമിക മികവിൻ്റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സർവ്വകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്. എന്തിനു വേണ്ടിയാണ് ഈ ആക്രമണം. രാഷ്ട്രീയ ലക്ഷ്യങ്ങൾ അല്ലാതെ മറ്റെന്താണ് ഇതിനു പിന്നിലുള്ളത്.

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് ഈ ഒൻപത് സർവ്വകലാശാലകളിലും വിസി നിയമനങ്ങൾ നടന്നതെന്നാണ് ഗവർണർ പറയുന്നത്. ഒൻപത് സർവ്വകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവർണർക്ക്‌ തന്നെയല്ലേ. ഗവർണറുടെ തന്നെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസി മാരാണോഎന്ന് ആലോചിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.