രാജ്യം ദീപാവലി ആഘോഷ നിറവിൽ

0
105

രാജ്യം ദീപാവലി ആഘോഷ നിറവിൽ. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ഉത്തരേന്ത്യക്കാരുടെ പ്രധാന ആഘോഷം എന്ന പ്രത്യേകതയും ഈ വർഷത്തെ ദീപാവലിക്കുണ്ട്. വീടുകൾ വിളക്കുകളും ചെരാതുകളും വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ച് കഴിഞ്ഞു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ദീപാവലി ഐതിഹ്യം.

മഹാമാരിക്കും അടച്ചിടലുകൾക്കും ശേഷം എത്തിയ ദീപാവലിയെ ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ. പ്രതീക്ഷിച്ചതിലും മികച്ച കച്ചവടമാണ് പല മാർക്കറ്റുകളിലും ലഭിച്ചത്. ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാർക്കും സൈനികർ ആശംസകളും നേർന്നു. അതിർത്തികളിൽ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങൾ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കു എന്നും കേണൽ ഇക്ബാൽ സിംഗ് പറഞ്ഞു. അതിർത്തിയിൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി ഇന്ന് അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. ആഘോഷത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിലെ ആഘോഷത്തിന് ശേഷമാണ് മോദി അതിർത്തിയിൽ എത്തുന്നത്. രാജ്യാതിർത്തിയിൽ ദീപങ്ങൾ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സൈനികർ ദീപാവലി ആഘോഷിക്കുന്നത്.