പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 21കാരന്‍ കൊല്ലപ്പെട്ടു

0
48

മുംബൈയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 21കാരന്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്നാണ് ശിവാജി നഗര്‍ സ്വദേശിയായ സുനില്‍ ശങ്കര്‍ നായിഡുവിനെ കൊലപ്പെടുത്തിയത്. മൂവരും ചേര്‍ന്ന് സുനിലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നട്വര്‍ പരേഖ് കോമ്പൗണ്ടിലെ 15 ബി നമ്പര്‍ കെട്ടിടത്തിലാണ് സംഭവം.

12 വയസ്സുള്ള പ്രതികളിലൊരാള്‍ ചില്ലുകുപ്പിയില്‍ പടക്കം പൊട്ടിച്ചത് സുനില്‍ നായിഡു തടഞ്ഞു. പിന്നാലെ കുട്ടിയെ സുനില്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിച്ചുവിട്ടു. തുടര്‍ന്ന് കുട്ടി 15കാരനായ സഹോദരനെയും 14കാരനായ സുഹൃത്തിനെയും കൂട്ടിക്കൊണ്ട് വന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലെ കയ്യില്‍ കരുതിയ കത്തികൊണ്ട് പ്രതികള്‍ കുത്തി. സംഭവം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഇതോടെ പോലീസിന്റെയും സഹായത്തോടെ പരിക്കേറ്റ സുനിലിനെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് ശിവാജി പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. അതേസമയം മൂന്നാമത്തെ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സുനില്‍ നായിഡുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാജവാഡി ആശുപത്രിയിലേക്ക് അയച്ചു. ആകാശ് മണ്ഡല്‍, സഹോദരന്‍ വികാസ് മണ്ഡല്‍, സുഹൃത്ത് വികാസ് ഷിന്‍ഡെ എന്നിവരാണ് പ്രതികള്‍.