കത്തിയും ചുറ്റികയും കണ്ടെടുത്തു; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്

0
39

പാനൂരിൽ 23 കാരിയെ ചുറ്റിക കൊണ്ടി തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. പ്രതി ശ്യാംജിത്ത് ദിവസങ്ങളോളം ആസൂത്രണം ചെയ്ത ശേഷമാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതക സമയത്ത് ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തി. മാസ്‌ക്, കത്തി, ചുറ്റിക, സ്‌ക്രൂഡ്രൈവർ എന്നിവ ബാഗിലുണ്ടായിരുന്നു. മാനന്തേരിയിലെ ഒരു കുളത്തിലാണ് പ്രതി കൊലക്കത്തി ഉപേക്ഷിച്ചത്.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്യാംജിത്തുമായി പോലീസ് സംഘം മാനന്തേരിയിൽ തെളിവെടുപ്പ് നടത്തി. ബാഗിൽ കയ്യുറ, വെള്ളക്കുപ്പി, സോക്‌സ്, മുളകുപൊടി, ഇടിക്കട്ട എന്നിവയും ഉണ്ടായിരുന്നു. ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ഹും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തും.

വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ഇയാളെ കണ്ടതോടെ ഉച്ചത്തില്‍ പേര് വിളിച്ച വിഷ്ണുപ്രിയ സുഹൃത്തിന് ഇയാളെ ഫോണിലൂടെ കാട്ടി. പിന്നാലെ പ്രതി ആക്രമിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് സുഹൃത്ത് മറ്റ് സുഹൃത്തുക്കള്‍ വഴി വീട്ടിലറിയിക്കുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതോടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വീടിനു സമീപം മുഖംമൂടിയും തൊപ്പിയും ധരിച്ചയാളെ കണ്ടുവെന്ന് അയല്‍വാസികളും പറഞ്ഞു. ഇതിനിടെയാണ് പ്രതിയെ പിടികൂടുന്നത്.

പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.